ചെറുപ്പക്കാരായ
നമ്മുടെ കുട്ടികള്‍ മാതാപിതാക്കളേയും, കുടുംബത്തേയും, കുടുംബബന്ധങ്ങളേയുമൊക്കെ
വിട്ടുപേക്ഷിച്ച് മറ്റു പല വാതിലുകളിലും അഭയം തേടുന്ന കാഴ്ച്ച അമ്പരപ്പോടെ നോക്കി
നില്ക്കാന് മാത്രമേ ഇന്ന് മിക്ക മാതാപിതാക്കള്‍ക്കും കഴിയുന്നുള്ളൂ. അത്തരം വാര്‍ത്തകള്‍
നിത്യവും വലിയ ഞെട്ടലോടെ തന്നെയാണ് നാം കേട്ടുകൊണ്ടിരിക്കുന്നത്. സ്വന്തം
കുടുംബത്തിന്റെ വാതിലുകള്‍ക്ക് ഉള്ളതിലും ആകര്‍ഷണീയത തീവ്രവാദികളുടെയും,
വിധ്വംസകപ്രവര്ത്തകരുടേയും താവളങ്ങളുടെ വാതിലുകള്‍ക്ക് ഉണ്ടാക്കിക്കൊടുക്കുവാനും,
അത്തരം ഇടങ്ങളിലേക്ക് നമ്മുടെ കുഞ്ഞുങ്ങളെ വലിച്ചടുപ്പിക്കുവാനും അവര്‍ക്ക്
കഴിയുന്നുണ്ടെങ്കില്‍, നമ്മുടെ അമ്പരപ്പില്‍ നിന്നും ഉയരുന്ന
ചിന്തകളുടെ കൂര്‍ത്ത മുന തിരിക്കേണ്ടത് നമ്മിലേക്ക് തന്നെയാണ്.
കഴിഞ്ഞ കുറെ
ദിവസങ്ങളായി ഓരോ വാതിലുകളും കടന്നുപോകുമ്പോഴും പലവിധ
ചിന്തകള്‍ എന്നെ അലട്ടിക്കൊണ്ടിരിക്കുന്നു. ഒരു കാലത്ത് എപ്പോഴും തുറന്നിട്ടിരുന്ന
ഉമ്മറവാതിലുകളുള്ള ഭവനങ്ങള്‍ മലയാളനാടിന്റെ ഒരലങ്കാരം തന്നെയായിരുന്നു. വീടുകളില്‍
വന്നിരുന്ന അഥിതികള്‍ക്ക് നേരിട്ട് വീട്ടില്‍ കയറിവന്ന്, “ഇവിടെ ആരുമില്ലേ” എന്ന്
ചോദിക്കുന്ന ഒരു സ്വാതന്ത്ര്യവും, സന്തോഷവും അന്നത്തെ തുറന്നിട്ട വാതിലുകളുടെ
മാത്രം സവിശേഷതയായിരുന്നു. ഏകദേശം ഒന്നര ദശകങ്ങള്‍ മുന്പുവരെയൊക്കെ
നിലനിന്നിരുന്ന, നമ്മുടെ ഗ്രാമീണതയുടെ തന്നെ അലങ്കാരസമൃദ്ധിയെന്നു
വിശേഷിപ്പിക്കാമായിരുന്ന ഈ തുറന്നിട്ട വാതിലിന്റെ “ഹൃദ്യമായ സംസ്കാരം” എങ്ങനെയോ
അസ്തമിച്ചു പോയി.
ആര്‍ക്കും
ആരുടേയും വീടുകളിലേക്കു സ്വാതന്ത്ര്യത്തോടെ ചുവടുവച്ചു കയറിവരാമായിരുന്ന ഒരു
കാലമായിരുന്നു അത്. അയല്‍വക്കങ്ങളിലെ കുട്ടികള്‍ അങ്ങോട്ടുമിങ്ങോട്ടും ഓടിച്ചാടി
പരസ്പരം സൗഹൃദം പങ്കുവെച്ചിരുന്ന മനോഹരമായ ഓര്‍മ്മകള്‍ ഉണര്‍ത്തുന്ന കാലം. എന്നാല്‍
ഇന്ന് കാലേ കൂട്ടി അറിയിക്കാതെ ആര്‍ക്കും ആരുടേയും വീടുകളിലേക്ക് കടന്നുവരുവാന്‍ കഴിയാത്ത
വിധത്തില്‍ കേരളീയ ജീവിതരീതികള്‍ ആധുനികവല്ക്കരിക്കപ്പെട്ടു പോയിരിക്കുന്നു.
അറിയിക്കാതെ വരുന്നവര്‍ക്ക് അടഞ്ഞ വാതിലുകളിലെ “കൊഞ്ഞനം” കാട്ടുന്ന അലങ്കാരം
ആസ്വദിച്ച് മടങ്ങേണ്ട അവസ്ഥയാവും ഉണ്ടാകുക. അഥിതികളുടെ സ്വീകാര്യതയെ
വെളിപ്പെടുത്തുന്ന ആഥിധേയന്റെ “തുറവി”യായിരുന്ന തുറന്നിട്ട വാതിലിന്റെ സംസ്കാര
സമൃദ്ധി അങ്ങനെ കേരളീയ നാട്ടില്‍ നിന്നും, ഭവനങ്ങളില്‍ നിന്നും അന്യം നിന്നു
പോയിരിക്കുന്നു..
തുറന്നിട്ട
വാതിലുകളുണ്ടായിരുന്ന ഭവനങ്ങളില്‍ വളര്‍ന്ന മുന്‍ തലമുറയുടെ ഹൃദയ വിശാലത അടച്ചിട്ട
ഉമ്മറവാതിലുകളുള്ള ഇന്നത്തെ ഭവനങ്ങളില്‍ വളരുന്ന പുതിയ തലമുറയ്ക്ക്
നഷ്ടമായിപ്പോയിട്ടുണ്ടെങ്കില് അതിന്റെ കാരണങ്ങള്‍ തിരിച്ചറിയേണ്ടതുണ്ട്. എവിടെനിന്നൊക്കെയോ
പൊട്ടിമുളച്ച ഭയവും, സ്വാര്‍ഥത നിഴലിക്കുന്ന സ്വകാര്യതയുമെല്ലാം
കൂടിക്കുഴഞ്ഞപ്പോള്‍ സ്വാതന്ത്ര്യത്തിന്റേയും, പരസ്പര വിശ്വാസത്തിന്റേയും വാതിലുകള്‍
ഒന്നൊന്നായി കൊട്ടിയടയ്ക്കപ്പെട്ടു പോയതാണ്.. അങ്ങനെ മൂടപ്പെട്ട വാതിലുകള്‍ക്കുള്ളില്‍
വളര്‍ന്ന കുഞ്ഞുങ്ങളുടെ ചിന്തകള്‍ക്കും പ്രവര്‍ത്തന ശൈലികള്‍ക്കും ഒരുതരം വികലതയുടെ
നിഴല്‍ വീണുപോയിരിക്കുന്നു. അതിന്റെ ഉത്തരവാദിത്തം മേല്‍പ്പറഞ്ഞ “തുറവി”യുടെ
സംസ്കാരം അന്യമാക്കിക്കളഞ്ഞ തലമുറയ്ക്ക് തന്നെയാണ്.
അന്നത്തെ
തുറന്നിട്ട വാതിലുകള്‍ക്ക് ഇന്നത്തെ അടച്ചുറപ്പുള്ള വാതിലുകളെക്കാള്‍
ഭദ്രതയുണ്ടായിരുന്നു എന്നതാണ് സത്യം. അന്ന് കുടുംബത്തില്‍ അംഗങ്ങള്‍ കൂടുതലും, കുഴപ്പങ്ങള്‍ കുറവുമായിരുന്നു.. ഇന്ന് ആ അവസ്ഥ മാറി, കുടുംബത്തില്‍ അംഗങ്ങള്‍ കുറവും കുഴപ്പങ്ങള്‍ കൂടുതലുമായിരിക്കുന്നു. വെറും തടിയാല്‍ നിര്‍മ്മിക്കപ്പെട്ടതും
എപ്പോഴും തുറന്നിട്ടിരുന്നതുമായ അന്നത്തെ വാതില്‍പ്പടികള്‍ കടന്ന് പുറത്തേക്ക്
പോയിരുന്ന കുട്ടികള്‍ മടങ്ങിവന്ന് ആ വാതില്‍പ്പടികള്‍ ചവുട്ടിക്കയറുവോളം അവരെ ആ
ഭവനത്തിലേക്ക് ആകര്‍ഷിച്ചു നിര്‍ത്തിയിരുന്ന ഒരു കാന്ത ശക്തി എന്തായിരുന്നുവെന്ന് ചിന്തിക്കുമ്പോള്‍
മേല്പറഞ്ഞ കാര്യങ്ങള്‍ക്ക് മറുപടി ലഭിക്കും.
കുട്ടികള്‍
പുറത്തുപോകുന്ന സമയങ്ങളില്‍ ഭവനങ്ങള്‍ക്കുള്ളില്‍ കഴിയുന്നവരില്‍ നിന്നും
തുറന്നിട്ട വാതിലുകളിലൂടെ പുറത്തേക്ക് നിര്‍ഗളിച്ചിരുന്ന സ്നേഹവാത്സല്യങ്ങളുടെ
ആകര്‍ഷണമല്ലാതെ മറ്റെന്തായിരുന്നു അത്? ലോകസുഖങ്ങള്‍ക്ക് നല്കാന് കഴിയാത്തത്ര
ആകര്‍ഷണീയത മാതാപിതാക്കളുടെ കരുതലിനും, സ്നേഹത്തിനും ഉണ്ടായിരുന്നു. അതുപോലെ
തന്നെ, വാതില്‍പ്പടി കയറുമ്പോഴും ഇറങ്ങുമ്പോഴും കുളിര്‍മ്മയേകുന്ന ഒരു തലോടല്‍
സമ്മാനിച്ചുകൊണ്ട് ഏതോ ഒരു അദൃശ്യ ശക്തിയും, മാതാപിതാക്കളുടെ സ്നേഹവാത്സല്യങ്ങളെ
പരിപോഷിപ്പിച്ചുകൊണ്ട് ആ വാതിലില്‍ ഉണ്ടായിരുന്നില്ലേ എന്നും സംശയിച്ചു പോകുന്നു..?
ഇത്തരുണത്തില്‍, തന്നെത്തന്നെ
ഒരു വാതിലിനോട് ഉപമിച്ചുകൊണ്ട് തുറന്നിട്ട വാതിലിന്റെ പ്രത്യേകതയെക്കുറിച്ച്
യേശുനാഥന്‍ പരാമര്‍ശിക്കുന്ന സുവിശേഷഭാഗം വളരെ പ്രസക്തമായി തോന്നുന്നു..
യൂദയാനാട്ടിലെ മരുഭൂമികളില്‍ ആടുകളെ മേയിച്ചു നടന്നിരുന്ന ആട്ടിടയന്മാര് സന്ധ്യയാകുമ്പോള്‍ അടുത്തു കാണുന്ന ഗുഹകളിലേക്ക്
ആടുകളെ കയറ്റി സ്വയം കാവല്‍ക്കാരായി മാറിക്കൊണ്ട് അടച്ചുറപ്പില്ലാത്ത ഗുഹാമുഖത്ത്
കിടന്നുറങ്ങുന്ന ചിത്രം വിവരിച്ചുകൊണ്ടാണ് നാല് വാഗ്ദാനങ്ങള്‍ മുഴക്കുന്ന ദിവ്യനാഥന്റെ
വാക്കുകള്‍ ലോകത്തിന് സമ്മാനിക്കപ്പെട്ടത്.. “ഞാനാണ് വാതില്‍; എന്നിലൂടെ പ്രവേശിക്കുന്നവന്
രക്ഷ പ്രാപിക്കും. അവന് അകത്തുവരികയും, പുറത്തുപോകുകയും മേച്ചില്‍സ്ഥലം
കണ്ടെത്തുകയും ചെയ്യും” (യോഹ: 10:9).
രണ്ടിടങ്ങളെ
ബന്ധിപ്പിക്കുന്ന സംവിധാനമാണ് വാതില്‍. യേശുനാഥന്‍ പറയുന്നു, താന്‍ വാതിലാണെന്ന്.
തന്നിലൂടെ പ്രവേശിക്കുന്നവന് രക്ഷപ്രാപിക്കുമെന്നും, അവന് അനായാസം
അകത്തുവരികയും, പുറത്തുപോവുകയും മേച്ചില്‍ സ്ഥലം കണ്ടെത്തുകയും ചെയ്യുമെന്നും അവിടുന്ന്
ഉറക്കെ പ്രഖ്യാപനം ചെയ്യുന്നു. ഇതുപോലെയൊരു വാതിലിനു മാത്രമേ നമ്മുടെ കുഞ്ഞുങ്ങളെ
നമ്മുടെ ഭവനങ്ങളിലേക്ക് ആകര്‍ഷിച്ചു നിര്‍ത്തുവാന്‍ സാധിക്കുകയുള്ളൂ. തങ്ങളുടെ
വീര്‍പ്പുമുട്ടലുകളും, സങ്കടങ്ങളും നിരത്തിവെച്ച് ആശ്വാസം കണ്ടെത്താന്‍ പ്രാപ്തമായ
ഒരു ഭവനവാതില്‍. കാലത്ത് പുറപ്പെടുമ്പോള്‍ സ്നേഹത്തിന്റെ തലോടലോടെ പുറത്തേക്ക്
കടത്തിവിടുന്ന വാതില്‍. വൈകുന്നേരം ഒരു ദിവസത്തിന്റെ സമ്മര്‍ദ്ദങ്ങള്‍ സമ്മാനിച്ച
മടുപ്പോടെ മടങ്ങിവരുമ്പോള്‍ ആര്‍ദ്രതയുടെ നയനങ്ങളോടെ അകത്തേക്ക് ആനയിക്കുന്ന
വാതില്‍. സ്വാതന്ത്ര്യത്തോടെ പ്രവേശിക്കുവാന്‍ തടസ്സമില്ലാത്ത വാതില്‍.
ഇത്തരമൊരു വാതില്‍പ്പടി
ഏതു ഭവനങ്ങളിലൊക്കെ സ്ഥാപിതമാണോ, അവിടെ അടച്ചുറപ്പുള്ള വാതിലിന്റെ ആവശ്യമില്ല.
ഇസ്രായേല്‍ കുടുംബങ്ങളെ ഈജിപ്റ്റില്‍ സംരക്ഷിക്കുവാന്‍ കുഞ്ഞാടിന്റെ രക്തമുദ്ര
നല്കപ്പെട്ടുവെങ്കില് ഇന്ന് നമ്മുക്ക് നല്കപ്പെട്ടിരിക്കുന്ന ഉമ്മറവാതില്‍ സ്വയമേ,
യേശുനാഥന്‍ തന്നെയാണെന്ന് അവിടുന്ന് പറയുന്നു... ആ അനര്‍ഗ്ഗള സ്നേഹത്തിന്റെ
അടയാളമായ തിരുവിലാവിലെ മുറിവില്‍ നിന്നും ഒഴുകിയിറങ്ങിയ തിരുരക്ത മുദ്ര പതിപ്പിച്ച
വാതില്‍പ്പടിയാണ് ഓരോ ക്രിസ്തീയ ഭവനങ്ങളിലും ഉണ്ടായിരിക്കേണ്ടത്. അങ്ങനെയെങ്കില്‍
അത് മറികടന്ന് പോകുന്ന കുട്ടികള്‍ക്ക്
എങ്ങനെ ആ സ്നേഹത്തെ വിസ്മരിച്ച് മറ്റു വാതിലുകളില്‍ ആശ്രയമര്‍പ്പിക്കുവാന്‍
കഴിയും..?
എന്നാല്‍ ഇന്ന്
സംഭവിച്ചുകൊണ്ടിരിക്കുന്നത് നേരെ മറിച്ചാണ്.. കാലത്ത് വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകുമ്പോള്‍,
കുറെ കുത്തുവാക്കുകളുടെ ഭണ്ഡാരവുമായി പോകേണ്ടി വരുന്ന കുട്ടികള്‍, സുഹൃത്തുക്കളില്‍
നിന്നും സാന്ത്വന വാക്കുകള്‍ ലഭിക്കുമ്പോള്‍ അവരിലേക്ക് ചാഞ്ഞുവീഴുന്നത്
സ്വാഭാവികമാണ്.. അങ്ങനെ ലഭിക്കുന്ന താങ്ങും തണലും അവര്‍ക്ക് വലിയ ആശ്വാസമായി
തോന്നുകയും, ക്രമേണ അത്തരം തണലുകളില്‍ ആശ്രയമേറിവരികയും ചെയ്യുന്നു.. വ്യാജമായ
സൗഹൃദച്ച്യുഴികളില് വീണ് രക്ഷപ്പെടാനാവാതെ ഉഴലുന്ന കുട്ടികളുടെ അവസ്ഥ തികച്ചും
ചിന്തനീയമാണ്. വീട്ടിലേക്കു മടങ്ങുവാന്‍ പോലും കുട്ടികള്‍ക്ക് താത്പര്യമില്ലാത്ത മാനസ്സികാവസ്ഥയിലേക്ക്
അവരെ വലിച്ചിഴക്കുന്നത് അത്തരം കുടുംബ സാഹചര്യങ്ങള്‍ തന്നെയാണ്. മടങ്ങി വരുമ്പോഴും
ലഭിക്കാന്‍ പോകുന്നത്, കുറെ കുറ്റപ്പെടുത്തലുകളും, ഉള്ളതിനും ഇല്ലാത്തതിനും
ആരോപണങ്ങളും, ആക്ഷേപങ്ങളും മാത്രമാണെന്ന് അവര്‍ക്കറിയാം. കുട്ടികളുടെ മനസ്സും,
അവരുടെ താത്പര്യങ്ങളും ശ്രദ്ധിക്കുവാനും, അവരോട് ആരോഗ്യകരമായി സംവദിക്കുവാനും മറ്റും
സാധിക്കാത്ത, ഒരുതരം ധൃതി പിടിച്ച ജീവിതരീതി നമ്മുടെ ഭവനങ്ങളിലും, ചുറ്റുപാടുകളിലും
നമ്മള് അറിഞ്ഞോ അറിയാതെയോ സൃഷ്ട്ടിക്കപ്പെട്ടു പോയിരിക്കുന്നു.
ഒന്നിച്ചിരുന്ന്
പ്രാര്‍ഥിക്കുകയും, ഒന്നിച്ചിരുന്ന് ഭക്ഷിക്കുകയും, പരസ്പരം സ്നേഹം
പങ്കുവയ്ക്കുകയും ചെയ്യുന്ന കുടുംബങ്ങളിലാണ് വാഗ്ദാനപ്രകാരം "നല്ലിടയന്റെ" സാന്നിധ്യം
ഉണ്ടാവുന്നത്. അത്തരം കുടുംബങ്ങളില്‍ നിന്നും പുറത്തേക്കു പോകുന്ന കുട്ടികള്‍ക്ക് ഒരിക്കലും
മറുതലിക്കാനോ വിസ്മരിക്കാനോ കഴിയാത്ത സ്നേഹതരംഗങ്ങള്‍ അവര്‍ക്കുപിന്നാലെ ആ
ഭവനത്തില്‍ നിന്നും ഒഴുകിയെത്തും. മടങ്ങി വരുവോളം അവരെ കാത്തുസൂക്ഷിക്കുവാന്‍ ഈ
സ്നേഹതരംഗങ്ങള്ക്ക് ശക്തിയുമുണ്ട്. പഠനത്തിന്റെ സമ്മര്‍ദ്ദങ്ങള്‍ ഉണ്ടാകുമ്പോഴും,
സൗഹൃദവലയങ്ങളില്‍ നിന്നുമുയരുന്ന ശക്തമായ പ്രലോഭനങ്ങള്‍ ഉണ്ടാകുമ്പോഴും, എല്ലാം
തുറന്ന മനസ്സോടെ നിരത്തി വെയ്ക്കുവാന്‍ കുടുംബാംഗങ്ങള്‍ ഒന്നിച്ചിരുന്നു
ഭക്ഷിക്കുന്ന ഒരു ഊണുമേശ വീട്ടിലുണ്ടെങ്കില്‍, അവിടെനിന്നും ഉത്ഭവിക്കപ്പെടുന്ന
സ്നേഹതരംഗങ്ങള്ക്ക് കുട്ടികളെ ഭവനത്തിലേക്ക് സദാ സമയവും ബന്ധിപ്പിച്ചു നിര്‍ത്തുവാനുള്ള
ഒരു മാസ്മരികശക്തിയുണ്ടാകുമെന്നതിന് യാതൊരു സംശയവും വേണ്ട..
മാനുഷിക
ബലഹീനതകള്‍ നിമിത്തം സ്വയമേ, യേശു ആഗ്രഹിച്ച വിധത്തിലുള്ള കുടുംബ വാതിലുകളാകുവാന്
നമ്മളില്‍ പല മാതാപിതാക്കള്‍ക്കും കഴിയാതെ പോകുന്നുണ്ട്. നമ്മള് ആഗ്രഹിക്കുന്ന
പരിലാളനയും സ്നേഹവും നമ്മുടെ കുഞ്ഞുങ്ങള്‍ക്ക് കൊടുക്കുവാന്‍ സാധിക്കാതെ
വരുന്നുമുണ്ട്. നമ്മെ ഒരു പരിധിവരെ ദുഖിപ്പിക്കുന്നതും ഈ വാസ്തവികത തന്നെയാണ്..
അങ്ങനെയുള്ള സാഹചര്യങ്ങളെ അതിജീവിക്കുവാന്‍, യേശുനാഥനെ നമ്മുടെ കുടുംബ വാതില്‍
സൂക്ഷിക്കുവാന്‍ ഏല്‍പ്പിക്കുക മാത്രമേ തരമുള്ളൂ... അവിടുന്ന് നമ്മുടെ കുറവുകള്‍
പരിഹരിച്ച് നമ്മുടെ കുട്ടികളെ, നമ്മുടെ കുടുംബ വാതിലിലേക്ക് ആകര്‍ഷിച്ച് നിര്‍ത്തിക്കൊള്ളും.
യേശുനാഥന്‍ കാവല്‍ നില്ക്കുന്ന കുടുംബങ്ങള്‍, തീര്‍ച്ചയായും കുട്ടികള്‍ക്ക് “സ്വച്ഛന്തമായ
ജലാശയം” തന്നെയായിരിക്കും സമ്മാനിക്കുക എന്നതില്‍ തര്‍ക്കമില്ലല്ലോ.
ഈ കാരുണ്യ വര്‍ഷത്തില്‍, യേശുവിന്റെ കാരുണ്യവും, സ്നേഹവും അനര്‍ഗ്ഗളം ഒഴുക്കുന്ന ഒരു ഭവനവാതിലാകുവാന് നമ്മുക്കേവര്‍ക്കും പരിശ്രമിക്കാം.. ആ വാതില്‍പ്പടി കടക്കുന്ന ഓരോരുത്തരും അനുഗ്രഹിക്കപ്പെടുവാനും സ്നേഹിക്കപ്പെടുവാനും ഇടയാവട്ടെ. അന്യ ഗ്രഹങ്ങളില്‍ അഭയം തേടുവാന്‍ കഴിയാത്ത വിധം, സദാ സമയവും സ്നേഹത്തിന്റെ ഊഷ്മള ബന്ധനം നിലനിര്‍ത്തുവാന്‍ യേശുനാഥന്‍ നമ്മെ എല്ലാവരേയും അനുഗ്രഹിക്കട്ടെ..

വാതിൽ' വളരെ നന്നായിരുന്നു! തുറന്നു കിടക്കുന്ന വാതിലിന്റെ ആത്മീയ ആഴങ്ങൾ ഭംഗിയായിത്തന്നെ വായനക്കാരനു മുൻപിൽ തുറന്നു കാട്ടിയതിന് എന്റെ അഭിനന്ദനങ്ങൾ!
ReplyDeleteഇത് വായിച്ചപ്പോൾ സാന്ദർഭികമായി എന്റെ മനസ്സിലേക്ക് വന്ന ഒരു ചിന്ത കൂടി പങ്കുവക്കട്ടെ? അടഞ്ഞുകിടക്കുന്ന വാതിലുകൾ മക്കളുടെ അപഥസഞ്ചാരത്തിനു കാരണമാകുന്നു എന്ന സത്യം അംഗീകരിച്ചുകൊണ്ട് തന്നെ, മറ്റൊരു സത്യം കൂടി ചേർത്തു വായിക്കേണ്ടിയിരിക്കുന്നു.
ചില മക്കളെങ്കിലും നമുക്ക് നഷ്ടപ്പെടുന്നത് ഉത്തരവാദപ്പെട്ട സഭാധികാരികളുടെ നിസ്സംഗതകൊണ്ട് കൂടിയാണെന്ന് പറയേണ്ടി വരുന്നതിൽ ഖേദമുണ്ട്. ചിന്തകൾ കാടുകയറുന്ന യുവത്വത്തിന്റെയും കൗമാരത്തിന്റെയും കാലഘട്ടത്തിൽ മഷ്തിഷ്ക പ്രക്ഷാളനത്തിന്റെ ഫലമായി ചെറുപ്പക്കാർ വഴിതെറ്റുമ്പോൾ സൈദ്ധാന്തികമായും ദൈവശാസ്ത്രപരമായും അവർക്കു മനസ്സിലാവുന്ന യുക്തികളുടെ പിൻബലത്തോടെ അവരെ തിരികെ കൊണ്ടുവരാൻ നമ്മുടെ സഭക്ക് ഇന്ന് എന്താണ് സംവിധാനങ്ങൾ ഉള്ളത്? പോകുന്നവർ പോകട്ടെ, ബാക്കി മതി എന്ന ഒരു 'കുറ്റകരമായ അനാസ്ഥ' തന്നെയാണിത് എന്ന് പറയേണ്ടി വരുന്നതിൽ വിഷമമുണ്ട്! സഭയുടെ ഓരോ കാലഘട്ടത്തെയും വിശകലനം ചെയ്താൽ നമ്മുടെ വിശ്വാസത്തിനു നേരെ ഉണ്ടായിട്ടുള്ള ആശയപരമായ ആക്രമണങ്ങളെ ശക്തമായിത്തന്നെ നേരിടാൻ നമുക്ക് വിശുദ്ധരായ മഹാത്മാക്കൾ ഉണ്ടായിരുന്നു എന്ന സത്യം നാം വിസ്മരിച്ചുകൂടാ! വി. അഗസ്തീനോസും വി. അക്വീനാസും ഒക്കെ ഉദാഹരണങ്ങൾ അല്ലെ? എന്തിനാണ് സഭ മൗനം പാലിക്കുന്നത്? സംശയങ്ങളുള്ളവർക്കു വളരെ എളുപ്പം സമീപിച്ചു സംശയനിവൃത്തി സാധ്യമാവുന്ന സംവിധാനങ്ങൾ ഒരുക്കാൻ ഈ ഇലക്ട്രോണിക് യുഗത്തിലും നമുക്ക് സാധിക്കുന്നില്ലെങ്കിൽ അതിനെ 'നിസ്സംഗത' എന്നല്ലേ വിളിക്കേണ്ടത്?
ഈ നിസ്സംഗത അവസാനിപ്പിച്ചില്ലെങ്കില്‍ വിദൂരമല്ലാത്ത ഭാവിയില്‍ വളരെ ദുഖിക്കേണ്ടി വരും.. നന്ദി.. വായനക്കും വിശദമായ കുറിപ്പിനും...
Delete