Monday, July 25, 2016

കുരിശിന്റെന വചനം – ഭോഷത്തമോ.. പരമാനന്ദമോ?

ആത്മീയത ആത്യന്തികമായി മനുഷ്യന് അവാച്യമായ ആനന്ദം നല്‍കുന്ന ശക്തിയാണ്. ആ ആനന്ദം കണ്ടെത്തുന്നത്, അഥവാ കണ്ടെത്തേണ്ടത് കുരിശിന്‍റെ ഭോഷത്തത്തില്‍ നിന്നുമാണെന്നു പറയുന്നിടത്ത് വൈരുദ്ധ്യാത്മക ചിന്തകള്‍ ഉയരുന്നു. ഇതാണ് മനുഷ്യനെ കുഴയ്ക്കുന്ന ഏറ്റവും വലിയ പ്രശ്നവും.  ജീവിതത്തില്‍ സന്തോഷവും, സമാധാനവും ലഭിക്കുവാന്‍ നോക്കേണ്ടത്, ഒരു സന്തോഷവും തരാന്‍ സാധ്യതയില്ലാത്ത കുരിശിന്‍റെ വേദനയിലേക്ക്..! നില്‍ക്കേണ്ടത്, കാഠിന്യമേറിയ പീഡനത്തില്‍ നിന്നും ഒഴുകിയിറങ്ങുന്ന രക്തം വീഴുന്ന  കുരിശിന്‍ ചുവട്ടിലും..!

സാമാന്യ ബുദ്ധിക്കും, യുക്തിക്കും നിരക്കാത്ത ഈ തത്വശാസ്ത്രം ഒരു സാധാരണ മനുഷ്യന് എങ്ങനെ ഉള്‍ക്കൊള്ളാന്‍ കഴിയും..? കഠിനമാണീ വചനം; കഠിനമാണീ ചിന്തകള്‍..

ആത്മാവ് ഭൂമിയില്‍ നിറഞ്ഞു നില്‍ക്കുന്നുവെങ്കിലും, ആത്മാവ് ഭൂമിയുടെ സ്വത്തല്ലല്ലോ. സുഖം, സന്തോഷം എന്നിവ ഭൂമിയുടേയും ശരീരത്തിന്റെയും സ്വത്താണെന്നതുപോലെ തന്നെ, ഭൂമിയുടേതല്ലാത്ത ആത്മാവിന്‍റെ സ്വത്താണ് “ആനന്ദം”. ഭൌമിക ജീവിതാവശ്യങ്ങള്‍ക്കായി ദൈവം മനുഷ്യന് നല്‍കിയ ബുദ്ധിയുപയോഗിച്ച് കണ്ടെത്താന്‍ ശ്രമിച്ചാല്‍ ഒരിക്കലും സാധ്യമാകാത്ത ഒന്നാണ് ആനന്ദം. യഥാര്‍ത്ഥ “സത്യം” തിരിച്ചറിയുന്നവര്‍ക്ക് മാത്രമേ ആത്മീയതയില്‍ നിന്നും നിര്‍ഗ്ഗളിക്കുന്ന ആനന്ദം അനുഭവവേദ്യമാവുകയുള്ളൂ.

യഥാര്‍ത്ഥ സത്യമോ..? അത് കുരിശിന്‍റെ ഭോഷത്തവും. ജീവിതത്തില്‍ സ്വാതന്ത്ര്യവും, സന്തോഷവും ഉണ്ടാകണമെങ്കില്‍, ഭയലേശമന്യേ ജീവിക്കണമെങ്കില്‍, അതിന് മാര്‍ഗ്ഗതടസ്സം സൃഷ്ടിക്കുന്ന ശത്രുക്കള്‍ നിഷ്കരുണം ഉന്മൂലനം ചെയ്യപ്പെടണമെന്ന പാഠം ഹൃദയത്തില്‍ ഉള്‍ക്കൊള്ളുന്ന ഒരു ജനത്തോട്, “ശത്രുക്കളെ സ്നേഹിക്കുവിന്‍; നിങ്ങളെ ദ്വേഷിക്കുന്നവര്‍ക്ക് നന്മ ചെയ്യുവിന്‍” (ലൂക്ക 6:27) എന്നാവശ്യപ്പെടുന്ന ഭോഷത്തം. കുതിരകളിലും, രഥങ്ങളിലും രാജാക്കന്മാര്‍ പട്ടണപ്രവേശം നടത്തിയപ്പോള്‍ വിനയാന്വിതനായി ഒരു കഴുതക്കുട്ടിയുടെ പുറത്തേറി പട്ടണപ്രവേശം നടത്തി മരണത്തിലേക്ക് നടന്നടുത്ത ലാളിത്യത്തിന്‍റെ ഭോഷത്തം.

അവഹേളനത്തിന്‍റെ മുള്‍മുടിയും, കുരിശിലെ മേലെഴുത്തും തന്‍റെ രാജത്വത്തിന്‍റെ അടയാളമാക്കിയ ഭോഷത്തം. ദൈവത്തോടുള്ള സമാനത നിലനിര്‍ത്തേണ്ട കാര്യമായി പരിഗണിക്കാതെ ദാസവേഷം സ്വീകരിച്ച ഭോഷത്തം. പിതാവ് “ജ്ഞാനികളില്‍ നിന്നും ബുദ്ധിമാന്മാരില്‍ നിന്നും മറച്ചുവയ്ക്കുകയും ശിശുക്കള്‍ക്ക് വെളിപ്പെടുത്തുകയും ചെയ്ത” (ലൂക്ക 10:21) ആത്മീയാനന്ദത്തിന്‍റെ ഭോഷത്തം. ഇത് തിരിച്ചറിയുകയും ഈ ആനന്ദം ആസ്വദിക്കുകയും ചെയ്യുന്നവര്‍ ഭാഗ്യവാന്മാര്‍. ഭൌമിക ജീവിതവഴിയില്‍ തന്നെ ദൈവരാജ്യത്തിന്‍റെ രഹസ്യങ്ങള്‍ കണ്ടെത്തുക അത്ര എളുപ്പമല്ല; എന്നാല്‍ കണ്ടെത്തുന്നവരോ ആനന്ദത്തില്‍ ആറാടും, അത് ഒരിക്കലും നഷ്ട്ടപ്പെടുത്താതെ സൂക്ഷിക്കുകയും ചെയ്യും.

ഒരിക്കല്‍ അനുഭവിച്ച ആത്മീയ ആനന്ദം, വീണ്ടും വീണ്ടും ലഭിക്കുവാനുള്ള അഭിവാഞ്ച്ചയാണ് യഥാര്‍ത്ഥ ആത്മീയനുള്ളത്. പൌലോസ് ശ്ലീഹ ദേവാലയത്തില്‍ പ്രാര്‍ഥിച്ചുകൊണ്ടിരുന്നപ്പോള്‍ ദിവ്യാനുഭൂതി ഉണ്ടായിയെന്ന് (അപ്പ: 22:17) വചനത്തില്‍ വായിക്കുന്നുണ്ട്. കുരിശിന്‍റെ ഭോഷത്തത്തില്‍ നിന്നും പൌലോസ് ശ്ലീഹ കണ്ടെത്തിയ ഈ ദിവ്യാനുഭൂതി വിശ്വാസികളായ നമ്മുക്കൊരോരുത്തര്‍ക്കും അവകാശപ്പെട്ടതാണ്. 

അര്‍ജന്റീനയിലെ സിസ്റ്റര്‍ സിസിലിയായ്ക്ക് മരണക്കിടക്കയിലും പുഞ്ചിരി തൂകുവാന്‍ പ്രചോദനമായ ആനന്ദം.. പീഡനങ്ങളുടെ നടുവിലും വിശുദ്ധ സ്തേഫാനോസ് അനുഭവിച്ച ആനന്ദം.. ഇന്നും അനേക സഹോദരങ്ങള്‍ വിശ്വാസത്തിന്‍റെ പേരില്‍ പീഡിപ്പിക്കപ്പെടുമ്പോഴും പതറാതെ നിലനില്‍ക്കുവാനുള്ള ഊര്‍ജ്ജം നല്‍കുന്ന ആത്മീയാനന്ദം...

അത് സ്വായത്തമാക്കുവാനാണ് നാമെല്ലാം പരിശ്രമിക്കുന്നതും, പരിശ്രമിക്കേണ്ടതും. അത് പ്രദാനം ചെയ്യുന്ന ആനന്ദം സ്വര്‍ഗ്ഗീയ ആനന്ദമാണ്, ഭൌമികമായ ഒന്നിനും നേടിത്തരാന്‍ കഴിയാത്ത പരമാനന്ദം..!

No comments:

Post a Comment