Tuesday, June 28, 2016

വ്യാജപ്രവാചകരേ സൂക്ഷിച്ചുകൊള്ളുക.....!!


“ലോകാവസാന” പ്രവചനങ്ങള്‍ക്ക് ഇന്നും എന്നും നല്ല മാര്‍ക്കെറ്റാണ്. ലോകാരംഭം മുതല്‍ക്ക് തന്നെ ലോകാവസാനത്തെക്കുറിച്ചുള്ള പ്രവചനങ്ങളുടെ പ്രവാഹം ആരംഭിച്ചിരിക്കണം. പ്രവചിക്കുന്നെങ്കില്‍ നല്ല കയ്യടി കിട്ടുന്ന പ്രവചനം തന്നെ നടത്തണം. അപ്പോള്‍ പിന്നെ എല്ലാവരെയും ഭയപ്പെടുത്തി മുള്‍മുനയില്‍ നിര്‍ത്താവുന്ന "ലോകാവസാനം" തന്നെയാണ് പ്രവചന വിഷയമെങ്കില്‍ കാര്യം എളുപ്പമായി. ലോകാവസാന പ്രവചനത്തിന്‍റെ പ്രസക്തി കുറയാത്തതിന്‍റെ കാരണവും ഈ ഭയം തന്നെയാണ്.

പല “ന്യൂ ജെന്‍” പ്രവാചകന്മാരുടെയും ജീവിതവും, വ്യക്തിപരമായ വിശ്വാസവും, ദൈവവുമായുള്ള അവരുടെ ബന്ധവും, പ്രഘോഷണവും ഒക്കെ തമ്മില്‍ പൊരുത്തപ്പെടാതെ വരുമ്പോള്‍ ഒരു തരം മാനസ്സിക സമ്മര്‍ദ്ദത്തിന് അവര്‍ അടിമകളാകുന്നു. അവരുടെ തന്നെ ഭാവിയെക്കുറിച്ചും, ആത്മീയ ജീവിത സാഫല്ല്യത്തെക്കുറിച്ചുമൊക്കെ, അവര്‍ക്കുതന്നെയുണ്ടാകുന്ന ആശങ്കകളുടെയും, സംഭ്രമത്തിന്‍റെയും പരിണിത ഫലമായി ഉടലെടുക്കുന്ന “തോന്നലുകളെ” യാണ് അവര്‍ ദര്‍ശനങ്ങളും, പ്രവചനങ്ങളുമാക്കി മാറ്റി പ്രഖ്യാപിക്കുന്നത്. അവരുടെ ജീവിത-വിശ്വാസ-ബോധ്യങ്ങളിലെ അസംതുലിതാവസ്ഥയാണ് അവരെ ഇത്തരം പ്രവര്‍ത്തികള്‍ക്ക്‌ പ്രചോദിപ്പിക്കുന്നത്. ദൈവാശ്രയബോധത്തിന്‍റെ ദൃഡതയില്ലായ്മയും, ഈ ലോകജീവിതത്തിലും, നിത്യജീവനിലുമുള്ള പ്രത്യാശയില്ലായ്മയുമാണ് ഇവിടെ ഘനത്തില്‍ നിഴലിക്കുന്നത്.

“ഭയ”മെന്ന വികാരം മനുഷ്യനില്‍ കുത്തിവെക്കുന്നതിലൂടെ അവന്‍റെ ബലഹീനതകളെ മുതലെടുക്കുവാനും, ഒരു തരം അടിമത്തത്തിന്‍റെയും, ആശ്രയത്വത്തിന്‍റെയും വാരിക്കുഴിയിലേക്ക് അവനെ തള്ളിയിടുവാനും അല്പം വാക്ചാതുര്യമുള്ള ഏതൊരാള്‍ക്കും സാധിക്കും. പുതു തലമുറയുടെ ഊര്‍ജ്ജസ്വലതയും ക്രിയാത്മകതയുമെല്ലാം തല്ലിക്കെടുത്തുവാനല്ലാതെ അവരെ സത്യവിശ്വാസത്തിലേക്കും ഉറച്ച ബോദ്ധ്യങ്ങളിലേക്കും വളര്‍ത്തുവാന്‍ ഇത്തരം പ്രവചനങ്ങള്‍ക്ക് ഒരിക്കലും സാധിക്കുകയില്ല. പ്രത്യാശയില്ലാത്ത അവസ്ഥ ഒരു മനുഷ്യനെ നിരാശയിലെത്തിക്കും. പിന്നീടത് മദ്യത്തിനും, മയക്കുമരുന്നിനും മറ്റു സുഖലോലുപതകള്‍ക്കും വഴി തെളിക്കുകയും ചെയ്യും. 

മനക്കരുത്തില്ലാത്ത മനുഷ്യരെ, ദൈവാശ്രയത്വത്തിലേക്ക് വഴി തെളിക്കുകയാണ് സത്യസന്ധതയുള്ള വചന പ്രഘോഷകരും, ആത്മീയ ശുശ്രൂഷകരും ചെയ്യുന്നത്, അല്ലെങ്കില്‍ ചെയ്യേണ്ടത്. നേരെ മറിച്ച് അവരില്‍ ഭയം കുത്തിനിറച്ച്, ആത്മവിശ്വാസം തകര്‍ത്ത്, “അശരണരായ” അവസ്ഥയിലേക്ക് അവരെ തരം താഴ്ത്തി, അവരുടെ മേല്‍ ഒരുതരം മേധാവിത്വം സ്ഥാപിച്ചെടുക്കുന്ന വിലകുറഞ്ഞ ആത്മീയമുതലെടുപ്പാണ് ഇത്തരം വ്യാജ പ്രവാചകന്മാര്‍ ലക്‌ഷ്യം വെക്കുന്നത്.

വിശുദ്ധ മത്തായിയുടെ സുവിശേഷം ഇങ്ങനെ സാക്ഷ്യപ്പെടുത്തുന്നു, “ആ ദിവസത്തെക്കുറിച്ചോ, മണിക്കൂറിനെക്കുറിച്ചോ, പിതാവിനല്ലാതെ മറ്റാര്‍ക്കും, സ്വര്‍ഗ്ഗത്തിലെ ദൂതന്മാര്‍ക്കോ, പുത്രനുപോലുമോ അറിഞ്ഞുകൂടാ” (മത്തായി 24:36) മനുഷ്യപുത്രന്‍റെ ആഗമനത്തെക്കുറിച്ചും, ലോകാവസാനത്തെക്കുറിച്ചും കര്‍ത്താവായ യേശുമിശിഹപോലും പറയുന്നത് ഇങ്ങനെയെങ്കില്‍, ലോകാവസാനത്തെക്കുറിച്ച് വാകീറി പ്രവചിക്കുന്നവര്‍ യേശുവിനേക്കാള്‍ വലിയവരെന്നു സ്വയം വിലയിരുത്തുന്നവരാണെന്നതില്‍ സംശയം വേണ്ടല്ലോ.

ഭയപ്പെടേണ്ട” എന്ന വാക്ക് എഴുപത്തി അഞ്ചു തവണ പഴയ നിയമത്തിലും, ഇരുപത്തി അഞ്ചു തവണ പുതിയ നിയമത്തിലും ഉപയോഗിക്കപ്പെട്ടിട്ടുള്ളതായി ബൈബിളില്‍ കാണുന്നു. എങ്കിലും ബൈബിള്‍ വായിച്ചു ജീവിക്കുന്ന നമ്മുക്ക് ഭയത്തിനൊട്ടും കുറവില്ലതാനും. എവിടെ നിന്നെങ്കിലും ഒരു ലോകാവസാന പ്രവചനം കേട്ടാല്‍ നാമെല്ലാവരും ഒന്ന് ഞെട്ടും.  

ഇതുവരെ നടത്തിയ അത്തരം “ലോകാവസാന” പ്രവചനങ്ങളെല്ലാം തന്നെ പാളിപ്പോയിരിക്കുന്നു. എങ്കിലും, അത് നടത്തിയവരില്‍ പലരും, നമ്മുടെ മറവിയെ മുതലെടുത്തുകൊണ്ട് ഇപ്പോഴും നമ്മുടെയിടയില്‍ ജീവിച്ചിരിക്കുന്നു എന്നതും രസകരമായ കാര്യം തന്നെയാണ്. രണ്ടായിരാമാണ്ടില്‍ ലോകാവസാനം ഉണ്ടാകുമെന്നുകരുതി ഭൂമിക്കടിയില്‍ ഷെല്‍ട്ടറുകള്‍ പണിത് അതില്‍ കയറി ഒളിച്ചിരുന്നവരുടെയും, പ്രവചിക്കപ്പെട്ടതുപോലെ ലോകാവസാനം സംഭവിക്കാതെ വന്നപ്പോള്‍ ആത്മഹത്യ ചെയ്തവരുടെയുമൊക്കെ കഥകള്‍ നാം വായിച്ചിട്ടുള്ളതാണ്.

ദിവസങ്ങളും, ആഴ്ചകളും, വര്‍ഷങ്ങളുമായിട്ടല്ല ദൈവം നമ്മുക്ക് ആയുസ്സ്‌ നല്‍കിക്കൊണ്ടിരിക്കുന്നത്.  നമ്മുടെ ആയുസ്സ്‌ നമ്മിലേക്ക് ഒഴുക്കി നല്‍കപ്പെടുന്നത്, മൈന്യൂട്ട് സെക്കന്‍ഡ്‌കളായിട്ടാണ്. നല്‍കപ്പെടുന്ന ആ ഒരു സെക്കന്‍ഡിനോട് മാത്രം വിശ്വസ്ഥത പുലര്‍ത്തി ജീവിക്കുവാനാണ് ആയുസ്സ്‌ നല്‍കുന്ന ദൈവം നമ്മോട് ആവശ്യപ്പെടുന്നതും. എങ്കിലും  നമ്മുടെ ഉല്‍ഖണ്ടകള്‍ക്കും, വേവലാതികള്‍ക്കും ഒരു അറുതിയുമില്ല. ഒരു വശത്ത്‌ “അന്നന്ന് വേണ്ട ആഹാരം എന്നും ഞങ്ങള്‍ക്ക് നല്‍കണമേ” എന്ന പ്രാര്‍ത്ഥന നിത്യവും ചൊല്ലുകയും സത്യവിശ്വാസികളെന്ന് സ്വയം അഭിമാനിക്കുകയും ചെയ്യുന്നു, എന്നാല്‍ മറുവശത്ത്‌, ഭാവിയെക്കുറിച്ചുള്ള ആവലാതികള്‍ മനസ്സില്‍ താലോലിച്ച്, ഉറക്കവും സ്വസ്ഥതയും കളഞ്ഞ് “പ്രായോഗിക നിരീശ്വരവാദി”കളായി ജീവിക്കുകയും ചെയ്യുന്നു.  

അങ്ങനെയെങ്കില്‍ “ഞാന്‍ വന്നിരിക്കുന്നത് അവര്‍ക്ക് ജീവനുണ്ടാകാനും, അത് സമൃദ്ധിയായി ഉണ്ടാകാനുമാണ്” (യോഹ:10:10) എന്ന യേശുനാഥന്‍റെ വചനത്തിന് നമ്മുടെ ജീവിതത്തില്‍ എന്ത് പ്രസക്തിയുണ്ടെന്നുകൂടി ഇത്തരുണത്തില്‍ നാം ചിന്തിക്കേണം.

ദര്‍ശനങ്ങളും, പ്രവചനങ്ങളും പരിശുദ്ധാത്മാവിന്‍റെ വരദാനങ്ങളാണ്. ദൈവത്തോട് ചേര്‍ന്നുനില്‍ക്കുന്ന വിശുദ്ധരിലൂടെ ദൈവജനത്തിന്‍റെ നന്മക്കായി ദൈവം സമയാസമയങ്ങളില്‍ നല്‍കുന്ന സന്ദേശങ്ങള്‍ സ്വര്‍ഗ്ഗീയ സന്ദേശങ്ങള്‍ തന്നെയാണെന്നതില്‍ സംശയമൊന്നുമില്ല. യഥാര്‍ത്ഥ പരിശുദ്ധാത്മശക്തി വ്യാപരിക്കുന്ന വ്യക്തികളില്‍ നിന്നും, മനുഷ്യനെ തകര്‍ക്കുന്ന പ്രവചനങ്ങളല്ല, പ്രത്യുത ജീവനിലേക്കും, ആത്മശക്തിയിലേക്കും അവനെ നയിക്കുന്ന സന്ദേശങ്ങള്‍ മാത്രമേ നിര്‍ഗ്ഗളിക്കൂ. വചനം പറയുന്നു, “എന്നില്‍ വിശ്വസിക്കുന്നവന്‍റെ ഹൃദയത്തില്‍ നിന്നും വിശുദ്ധ ലിഖിതം പ്രസ്താവിക്കുന്നതുപോലെ, ജീവജലത്തിന്‍റെ അരുവികള്‍ ഒഴുകും” (യോഹ: 7:38)

ഇക്കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയകളില്‍ നിറഞ്ഞുനിന്നിരുന്ന പുഞ്ചിരി, അര്‍ജെന്റീനയിലെ സിസ്റര്‍ സിസിലിയായുടെതായിരുന്നു. ക്യാന്‍സര്‍ രോഗത്തിന്‍റെ പിടിയിലമര്‍ന്ന് ഈ ലോക ജീവിതം നഷ്ടമാകുമ്പോഴും, വരാനിരിക്കുന്ന നിത്യജീവന്‍റെ പ്രത്യാശയില്‍ വിലയം പ്രാപിച്ചുകൊണ്ട് വിശ്വാസത്തിന്‍റെ പുഞ്ചിരി ലോകത്തിനു സമ്മാനിച്ച ദൈവദാസി. ഹൃദയത്തില്‍ ആവോളം അനുഭവിച്ചറിഞ്ഞ ദൈവസ്നേഹത്തില്‍ നിന്നും നിര്‍ഗ്ഗളിക്കുന്ന ജീവജലത്തിന്‍റെ അരുവി.. അതാണ്‌ ഒരു പുഞ്ചിരിയായി നിറഞ്ഞൊഴുകി ലോകമെമ്പാടും എത്തിയത്. വിശ്വാസം ജീവിക്കുവാന്‍ ആഗ്രഹിക്കുന്ന സകലരിലേക്കും ഒഴുകിയെത്തിയ സ്നേഹസന്ദേശമായിരുന്നു ആ പുഞ്ചിരി..!

ഇതാണ് യഥാര്‍ത്ഥ പരിശുദ്ധാത്മ സന്ദേശം, മരണത്തിലും ജീവിപ്പിക്കുന്ന സന്ദേശം. അല്ലാതെ മനുഷ്യനെ നിരാശയിലേക്കും, നിഷ്ക്രിയത്വത്തിലേക്കും, പ്രത്യാശയില്ലായ്മയിലേക്കും നയിക്കുന്ന നാശത്തിന്‍റെ സന്ദേശങ്ങള്‍ പരിശുദ്ധാത്മാവിലൂടെയുള്ളതാകുകയില്ല എന്ന സത്യം തിരിച്ചറിയണം. സ്വന്തം മരണം പ്രവചിക്കുവാന്‍ ഒരു പുതുപ്രവാചകനും സാധിക്കാറില്ല, അതിനുള്ള ധൈര്യവും കാണിക്കാറില്ല.

നമ്മുടെ മരണം, നമ്മുടെ ലോകാവസാനമാണ്. ആ മണിക്കൂറിനെക്കുറിച്ച് നമ്മെ ഭൂമിയിലേക്ക് അയച്ച പിതാവിന് മാത്രേ അറിയൂ... ആ പിതാവിന്‍റെ വിളി, എപ്പോള്‍ വന്നാലും സ്വീകരിക്കുവാന്‍ തയ്യാറായി സ്വസ്ഥമായി, നമ്മിലേക്ക് ഒഴുകിയെത്തുന്ന ആയുസ്സിന്‍റെ നിമിഷങ്ങളോട് വിശ്വസ്തത പുലര്‍ത്തിക്കൊണ്ട് നമ്മുക്ക് നമ്മുടെ ശിഷ്ടകാലജീവിതം സന്തോഷപൂര്‍വ്വം ജീവിച്ചുതീര്‍ക്കാം..

No comments:

Post a Comment