Tuesday, June 21, 2016

തിരുപ്പട്ടം... ഒരു അഗ്നി വലയം... !!

അപ്പസ്തോലിക സഭകളിലെ പൌരോഹിത്യത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍, വി. പൌലോസ് ഗാലാത്യര്‍ക്ക് എഴുതിയ ലേഖനത്തിന്‍റെ പ്രാരംഭ ഭാഗം വളരെ പ്രസക്തമായി തോന്നുന്നു. 

മനുഷ്യരില്‍നിന്നോ, മനുഷ്യന്‍മുഖേനയോ അല്ല, യേശുക്രിസ്തു മുഖേനയും അവനെ മരിച്ചവരില്‍നിന്നുയര്‍പ്പിച്ച പിതാവുമുഖേനയും അപ്പസ്തോലനായിരിക്കുന്ന പൌലോസായ ഞാന്‍” (ഗാലാ: 1:1).

തന്‍റെ അപ്പസ്തോലിക തിരഞ്ഞെടുപ്പിന്‍റെ പ്രാധാന്യത്തെയും ഔന്നിത്യത്തെയും അദ്ദേഹം ഈ വാക്യത്തിലൂടെ ശക്തമായി പ്രതിപാദിക്കുന്നു. പഴയനിയമ കാലം മുതല്‍ തന്നെ കര്‍ത്താവിന്‍റെ ബലിവേദിയില്‍ പ്രവേശിക്കുവാന്‍ അധികാരവും അവകാശവും നല്‍കപ്പെട്ടത്, ദൈവീക പദ്ധതിപ്രകാരം പ്രത്യേകമാം വിധം വിളിച്ചു വേര്‍തിരിക്കപ്പെട്ടവര്‍ക്ക് മാത്രമായിരുന്നു. ഇന്നും അത് അങ്ങനെ തന്നെ തുടരുന്നു. പൌരോഹിത്യ ദൈവവിളി ദൈവത്താല്‍ മുദ്രണം ചെയ്യപ്പെട്ട് തിരിഞ്ഞെടുക്കപ്പെട്ടവര്‍ക്ക് മാത്രമുള്ളതാണ്.

ദൈവവിളി ക്യാമ്പില്‍ നിന്നും തിരുപ്പട്ടം വരെ നീളുന്ന പഠന പരിശീലന യാത്രയില്‍ അനേകര്‍ കൊഴിഞ്ഞുപോകുന്നുണ്ട്. സ്വര്‍ഗ്ഗത്തില്‍ പേരെഴുതി ചേര്‍ക്കപ്പെട്ടവരല്ലാതെ മറ്റൊരാളും ആ പദവിയില്‍ എത്തിപ്പെടുന്നില്ല. ആ പദവിയുടെ ഔന്നിത്യവും, അവരില്‍ നിക്ഷിപ്തമായിരിക്കുന്ന ശക്തിയും അവര്‍ തന്നെ “പൂര്‍ണ്ണമായും തിരിച്ചറിഞ്ഞിരുന്നെങ്കില്‍ അവര്‍ മരിച്ചേനെ” എന്നാണു വിശുദ്ധ ജോണ്‍ മരിയ വിയാനി പറയുന്നത്. അത്ര വലിയ ആത്മീയ ശക്തിയാണ് പിതാവായ ദൈവം തന്‍റെ പുത്രനിലൂടെ കാല്‍വരിയുടെ നെറുകയില്‍ പൂര്‍ത്തിയാക്കിയ പൌരോഹിത്യമെന്ന മഹനീയ കര്‍ത്തവ്യത്തിലൂടെ നല്‍കിയിരിക്കുന്നത്. അത് സ്വയമേ മനസ്സിലാക്കുന്ന വൈദികരാണ്‌ തങ്ങളുടെ ദൌത്യപൂര്‍ണ്ണതക്ക് വേണ്ടി അഹോരാത്രം പ്രയത്നിക്കുകയും, അനേകായിരം ആത്മാക്കളെ നേടിക്കൊണ്ട് തങ്ങളുടെ ഭൌമിക ജീവിതം ധന്യമാക്കുകയും ചെയ്യുന്നത്.

സകല ജനതകളുടെയും പിതാവായ അബ്രാഹത്തെ അനുഗ്രഹിച്ച “മെല്ക്കിസെദേക്ക്” എന്ന വ്യക്തിയില്‍, മുന്‍കൂട്ടിത്തന്നെ നിഗൂഡമായി പ്രതിരൂപമാര്‍ന്നിരുന്ന ക്രിസ്തുവിന്‍റെ പൌരോഹിത്യം, കാലദേശങ്ങളുടേയും, രക്തബന്ധങ്ങളുടേയും പരിധിയില്‍ ഒതുങ്ങി നില്‍ക്കുന്നതല്ല, പ്രത്യുത സാര്‍വത്രിക വിശാലതയോടെ എല്ലാക്കാലത്തേക്കും, എല്ലാ മനുഷ്യര്‍ക്കും വേണ്ടിയുള്ളതാണെന്ന്‍ രണ്ടാം വത്തിക്കാന്‍ സൂനഹദോസ് പഠിപ്പിക്കുന്നു.

വിശുദ്ധമായ അധികാരം.

ക്രിസ്തുവില്‍ നിന്നുമാത്രം കൈവരുന്ന “വിശുദ്ധമായ അധികാര”മാണ് പ്രതിഷ്ഠാകര്‍മ്മമെന്നു വിളിക്കപ്പെടുന്ന മെത്രാന്‍റെ കൈവെപ്പു ശുശ്രൂഷയിലൂടെ വൈദികരിലേക്ക് പകര്‍ന്നുനല്‍കപ്പെടുന്നത്. മെത്രാനിലൂടെ നല്‍കപ്പെടുന്ന തിരുപ്പട്ട കൂദാശവഴിയായി ക്രിസ്തു തന്‍റെ അപ്പസ്തോലരെ ഏല്‍പിച്ച പ്രേഷിത ദൌത്യത്തിന്‍റെ സാര്‍വത്രികതയില്‍ പുരോഹിതരേയും പങ്കുകാരാക്കുന്നു. തിരുപ്പട്ടത്തില്‍ സ്വീകരിക്കുന്ന ആത്മീയദാനം അവരെ പരിമിതവും, നിയന്ത്രിതവുമായ ദൌത്യത്തിനായല്ല; പ്രത്യുത ഏറ്റവും പൂര്‍ണ്ണമായതും, ഭൂമിയുടെ അതിര്‍ത്തിയോളം എത്തുന്നതുമായ രക്ഷയുടെ സാര്‍വത്രിക ദൌത്യത്തിനായാണ് ഒരുക്കുന്നത്. (CCC:1565)

തിരുപ്പട്ട കൂദാശവഴിയായി ഒരു മായാത്ത ആത്മീയമുദ്രയാണ് തികച്ചും ഒരു സാധാരണ മനുഷ്യനില്‍ ദൈവം തന്‍റെ പ്രത്യേക വിളിയുടെ അടയാളമായി പതിപ്പിക്കുന്നത്. വിവാഹമെന്ന കൂദാശയുടെ പ്രായോഗികത ഒരാളുടെ മരണത്തോടെ അസാധുവാകുന്നുവെന്ന് നമ്മുക്കറിയാം. എന്നാല്‍ തിരുപ്പട്ടമെന്ന കൂദാശ, മാമോദീസായും, സ്ഥൈര്യലേപനവും പോലെ തന്നെ, മരണത്തിലും മായുന്നില്ലെന്നതാണ് വാസ്തവം.

മണ്‍കുടത്തിനു മുകളിലെ അഗ്നിവലയമാണ് പൌരോഹിത്യം. സമൂഹത്തിലെ ശക്തരും സമ്പന്നരുമായ പ്രീശന്മാരേയും, നിയമജ്ഞരേയും തഴഞ്ഞുകൊണ്ട്, ബലഹീനരായ മുക്കുവരെ ശിഷ്യരാക്കി വളര്‍ത്തിയെടുത്ത “ക്രിസ്തുനീതിശാസ്ത്ര” പ്രകാരം, ബലഹീനരായ മനുഷ്യരെ ദൈവം തിരഞ്ഞെടുത്ത് അഭിഷേചിച്ച് തന്‍റെ സഭാസമൂഹത്തിന്‍റെ കാവലാള്‍ക്കാരായി നിയമിക്കുന്ന അത്ഭുതകരമായ പ്രക്രിയയാണ് പൌരോഹിത്യ ദൈവവിളി. മെത്രാന്‍റെ കൈവെപ്പിലൂടെ ദൈവത്താല്‍ അഭിഷേചിക്കപ്പെടുന്ന പുരോഹിതന്‍, അവിടുത്തെ സഹായികളും സഹചരന്മാരുമായി ചേര്‍ന്ന് ദൈവത്തിന്‍റെ വിശുദ്ധീകരണ ജോലിയില്‍ വ്യാപൃതരാകുമ്പോള്‍ ഈ “അഗ്നിവലയം” ചലനാത്മകമാകുന്നു.

ഒരു വൈദികന്‍ കുമ്പസാരക്കൂട്ടില്‍ ഇരിക്കുമ്പോള്‍, തന്നിലെ മാനുഷികഭാവത്തെ ആവരണം ചെയ്യുന്ന പരിശുദ്ധാത്മാവിന്‍റെ അഗ്നിവലയത്താല്‍ മൂടപ്പെടുകയും, അതുവഴിയായി “പരിപൂര്‍ണ്ണ മനുഷ്യനും” എന്നാല്‍ ദൈവപുത്രനുമായ ക്രിസ്തുവിന്‍റെ അധികാരത്തോടെ പാപമോചനം നല്‍കുവാന്‍ സാധ്യമാകുകയും ചെയ്യുന്നു. ആത്യന്തികമായി ക്രിസ്തുതന്നെയാണ് തിരുപ്പട്ടം സ്വീകരിച്ച ശുശ്രൂഷകനിലൂടെ പ്രവര്‍ത്തിക്കുകയും, രക്ഷ സാധ്യമാക്കുകയും ചെയ്യുന്നത്. അതിനാല്‍ ശുശ്രൂഷകന്‍റെ അയോഗ്യത ക്രിസ്തുവിന്‍റെ പ്രവര്‍ത്തനത്തെ ഒരിക്കലും തടയുന്നുമില്ല. (CCC : 1584)

അപകടകരമായ അല്മായസമീപനം

എന്തിനേയും ഏതിനെയും വെല്ലുവിളിക്കുന്ന സ്വഭാവം ഒരു ഫാഷനായി മാറിയിരിക്കുന്നത് ഈ സമീപകാലത്തിന്‍റെ സവിശേഷതയാണ്. പൌരോഹിത്യത്തോടുള്ള അല്‍മായസമീപനവും ഇന്ന് വിവിധ കാരണങ്ങളാല്‍ വളരെ വികലമായിത്തീര്‍ന്നിരിക്കുന്നു എന്ന് പറയാതെ വയ്യാ. പുരോഹിതരെ ഒരു പ്രത്യേക വിഭാഗമായി കണ്ടുകൊണ്ട് അവരുടെ നേരെ എന്തിനും ഏതിനും പരിഹാസവര്‍ഷം ചൊരിയുന്നത് എന്തോ വലിയ കാര്യമായിട്ടാണ് പലരും ഇപ്പോള്‍ കാണുന്നത്.

നിശിധമായ വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നവര്‍ തിരിച്ചറിയേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങളുണ്ട്. വൈദികന്‍ നമ്മില്‍ ഒരുവനാണ്, നമ്മുടെ കുടുംബം പോലെയുള്ള മറ്റൊരു കുടുംബത്തില്‍ നിന്നും വൈദികവൃത്തിക്കായി തിരഞ്ഞെടുക്കപ്പെട്ട ആളാണ്‌. മാനുഷികമായ എല്ലാ ബലഹീനതകളും നിറഞ്ഞ ഒരു വ്യക്തിയാണ് എന്നിരിക്കിലും ദൈവം ബഹുമാനിച്ച വ്യക്തിത്വമാണ് എന്നത് ഒരിക്കലും മറന്നുകൂടാ.. അത് മറന്നുകൊണ്ടുള്ള ഏതൊരു സമീപനവും, സ്വര്‍ഗ്ഗത്തിനെതിരായ തിന്മയായി പരിഗണിക്കപ്പെട്ടേക്കാം.

മണ്‍കുടം ആ വ്യക്തിത്വമാണ്, അത് ഭൂമിയുടെതാണ്, അതിനു ഭൂമിയുടെ ബലഹീനതകള്‍ ഉണ്ടാവാം. എന്നാല്‍ ആ മണ്‍കുടത്തിന്‍റെ മുകളില്‍ ആവരണം ചെയ്യപ്പെട്ടിരിക്കുന്ന അഗ്നിവലയം സ്വര്‍ഗ്ഗത്തിന്‍റെതാണ്, അതിന്‍റെ ചൈതന്യത്തിന് യാതൊരു കുറവുമില്ലെന്നുള്ള സത്യം വിസ്മരിച്ചുകൂടാ.

ദൈവം തിരഞ്ഞെടുത്ത “മണ്‍പാത്ര”മായ വ്യക്തിയെന്ന നിലയില്‍, ഒരു വൈദികന്‍റെ ജീവിതത്തില്‍ വാക്കിലോ പ്രവര്‍ത്തിയിലോ എന്തെങ്കിലും കുറവുകള്‍ നിഴലിച്ചാല്‍, ഒരു അപ്പന്‍റെയോ, അമ്മയുടെയോ, ജേഷ്ഠന്‍റെയോ, ജേഷ്ഠത്തിയുടെയോ, അനുജന്റെയോ, അനുജത്തിയുടെയോ സ്ഥാനത്തുനിന്നുകൊണ്ട് അദ്ദേഹത്തിന്‍റെ വ്യക്തിജീവിതത്തിലെ പാളിച്ചകളെ സ്നേഹത്തോടെ ചൂണ്ടിക്കാണിക്കുവാനോ, തിരുത്തുവാനോ നമ്മുക്കെല്ലാം അവകാശമുണ്ട്. പക്വതയോടെയുള്ള അത്തരം സമീപനങ്ങളെ അവര്‍ ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുമെന്നതില്‍ യാതൊരു സംശയവും വേണ്ട. എന്നാല്‍ തിരുത്തലുകള്‍ക്കായി നാം സമീപിക്കുമ്പോള്‍, വ്യക്തിത്വത്തിന്‍റെ കര്‍ത്തവ്യങ്ങളെയും, പൌരോഹിത്യത്തിന്‍റെ കര്‍ത്തവ്യങ്ങളെയും വ്യതിരിക്തമായി കണ്ടുകൊണ്ട് തന്നെ വേണം സമീപിക്കുവാന്‍. അപ്പോള്‍ മാത്രമേ നീതിപൂര്‍വ്വകമായ ക്രിയാത്മക സമീപനമെന്ന്‍ അതിനെ വിളിക്കാന്‍ കഴിയുകയുള്ളൂ..

അല്‍മായരുടെ അനൌചിത്യപരമായ ഇടപെടലുകള്‍ മൂലം പല സ്ഥലങ്ങളിലും, ഇടവകകളിലും, വൈദികരുടെ കണ്ണീരു വീഴുവാന്‍ ഇടയാക്കിയിട്ടുണ്ട്. ദൈവം സ്നേഹിക്കുന്ന ആരുടെ കണ്ണീരിനും അവിടുന്ന് കണക്ക് ചോദിക്കുമെന്നതിന് ചരിത്രോന്മുഖ തെളിവുകള്‍ ധാരാളമുണ്ടെന്നിരിക്കെത്തന്നെ, മണ്‍കുടത്തില്‍ നിന്നും കണ്ണീര് വീണാല്‍ ഒരു പക്ഷെ അത് വലിയ അപകടം ഉണ്ടാക്കിയെന്നിരിക്കില്ല, എങ്കിലും പൌരോഹിത്യമാകുന്ന “അഗ്നിവലയ”ത്തില്‍നിന്നും കണ്ണീര് വീഴുവാനിടയായാല്‍ അത് വീഴുന്നിടം കത്തിക്കരിഞ്ഞു പോകുമെന്നതില്‍ യാതൊരു സംശയവും വേണ്ട.

പൌരോഹിത്യ അധികാരത്തിന്‍റെയോ കര്‍ത്തവ്യങ്ങളുടെയോ നേരെ വിരല്‍ ചൂണ്ടുവാന്‍, അല്മായര്‍ക്കോ, അല്മായ സംഘടനകള്‍ക്കോ അധികാരമില്ല. കാരണം, പൌരോഹിത്യ അധികാരം മെത്രാന്‍റെ കൈവെയ്പ്പിലൂടെ നല്‍കപ്പെട്ട സ്വര്‍ഗ്ഗത്തിന്‍റെ അധികാരമാണ്. അതിനു മേല്‍ മെത്രാന് മാത്രമേ അധികാരമുള്ളൂ. ഒരിക്കല്‍ നല്‍കപ്പെടുന്ന പൌരോഹിത്യ കൂദാശ പിന്നീടൊരിക്കലും തിരിച്ചെടുക്കപ്പെടുകയുമില്ല. അതുകൊണ്ടുതന്നെ അത്തരം അനാരോഗ്യകരമായ ഇടപെടലുകള്‍ സ്വര്‍ഗ്ഗത്തിനും, പരിശുദ്ധാത്മാവിനുമെതിരായുള്ള പ്രവര്‍ത്തിയായി കണക്കാക്കപ്പെട്ടെന്നും വരാം.

അല്മായരെന്ന നിലയില്‍, മനസ്സുകൊണ്ട് “തീര്‍ച്ചപ്പെടുത്തി ഒരുങ്ങിയിറങ്ങുന്ന” ചില ചെറിയ ചെറിയ ത്യാഗങ്ങള്‍ പോലും കൃത്യതയോടെ നിര്‍വഹിക്കുവാന്‍ പലപ്പോഴും നമ്മെക്കൊണ്ട് സാധിക്കാതെ പോകുന്നു. അങ്ങനെയുള്ള നമ്മുക്ക്, പൌരോഹിത്യ വഴികളിലെ ത്യാഗപൂര്‍ണ്ണമായ ജീവിതത്തെ കണ്ടില്ലെന്നു നടിച്ചുകൊണ്ട്, മൂര്‍ച്ചയുള്ള വാക്കുകളാല്‍ അവരെ മുറിപ്പെടുത്തുവാനും, കരുണയില്ലാത്ത വിമര്‍ശനശരങ്ങളുതിര്‍ക്കുവാനും എന്തവകാശം..? “എന്‍റെ അഭിഷിക്തരെ തൊട്ടുപോകരുത്” എന്ന് സങ്കീര്‍ത്തനത്തിലൂടെ (105 : 15) പിതാവായ ദൈവം നമ്മെ ഓര്‍മ്മിപ്പിക്കുന്നു.

ആത്മീയ വഴികളില്‍ സഞ്ചരിക്കുന്നവരെന്ന് അവകാശപ്പെടുന്നവരെങ്കിലും, അനവസരങ്ങളില്‍ അനൌചിത്യപരമായ പ്രതികരണങ്ങളും വിമര്‍ശനങ്ങളും ഉന്നയിക്കുന്നതില്‍ നിന്നും ഒഴിഞ്ഞുനില്‍ക്കേണ്ടതാണ്. അല്ലെങ്കില്‍ വലിയ നാശം അവരെ കാത്തിരിക്കുന്നുവെന്നു തിരിച്ചറിഞ്ഞുകൊള്ളുക.. 


No comments:

Post a Comment