എന്നും പല പ്രാവശ്യം വളരെ ലാഘവത്തോടെ നമ്മൾ സ്വീകരിക്കുന്ന ആശീർവാദം എത്ര ശക്തമാണെന്ന് ഒരിക്കലെങ്കിലും ചിന്തിച്ചിട്ടുണ്ടോ?
റംശാ പ്രാർത്ഥനയിലെ ഹ്ര്യദ്യമായ ആ പ്രാർത്ഥന നമ്മുക്കും ഏറ്റു ചൊല്ലാം. "ഞങ്ങളുടെ കർത്താവേ അങ്ങേ ത്രിത്വത്തിലുള്ള വിശ്വാസം ഞങ്ങളിൽ പൂർണ്ണമാക്കണമേ.."
പ്രപഞ്ചത്തെ മുഴുവൻ തന്‍റെ വാക്കാൽ സൃഷ്ട്ടിച്ചു, നിയന്ത്രിച്ചു, പരിപാലിക്കുന്ന അപരിമേയ ശക്തിയായ നമ്മുടെ പിതാവായ (ആ പരമ ശക്തിയെ പിതാവേ എന്ന് വിളിക്കുവാനുള്ള അവകാശം ഈശോ കാൽവരിയിൽ നമ്മുക്ക് നേടിത്തന്നു) ദൈവത്തിന്റെ നാമത്തിലും, നമുക്കുവേണ്ടി അവസാന തുള്ളി രക്തം വരെയും ചിന്തിക്കൊണ്ട് നമ്മുടെ രക്ഷകനും ക്രിസ്തുവുമായിത്തീർന്ന യേശുനാഥന്‍റെ നാമത്തിലും, അവന്‍റെ "കടന്നു പോകലി"ന്‍റെ വിലയായി നമ്മുക്ക് സമ്മാനമായി നൽകപ്പെടുകയും അതുവഴിയായി ഇന്നും നമ്മുടെ മദ്ധ്യത്തിൽ വ്യാപാരിക്കുകയും ചെയ്യുന്ന പരിശുദ്ധാത്മാവിന്‍റെ നാമത്തിലും ആശീർവ്വദിക്കപ്പെടുന്ന എന്തും "വിശുദ്ധീകരിക്കപ്പെടുന്നു" എന്ന് വിശ്വസിക്കുന്നവൻ ഭാഗ്യവാൻ... എന്തെന്നാൽ അവൻ ത്രിത്വത്തിന്‍റെ മഹനീയതയും സവിശേഷ ശക്തിയും തിരിച്ചറിയുന്നു..
ഈ മഹനീയ ത്രിത്വത്തിന്‍റെ തണലിൽ സ്നേഹത്തോടെ സന്തോഷത്തോടെ പൂർണ്ണ സ്വാതന്ത്ര്യത്തോടെ (ഒരു ബന്ധനത്തിനും അടിമപ്പെടാതെ) സ്വർഗ്ഗത്തിൽ നിന്നും പരിശുദ്ധാത്മാവിലൂടെ നമ്മിലേക്ക് ഒഴുകപ്പെടുന ദൈവസ്നേഹം ആവോളം ആസ്വദിച്ചും മറ്റുള്ളവർക്ക് അത് പകർന്നു കൊടുത്തും നമ്മൾ ജീവിക്കണമെന്നതാണ് നമ്മെക്കുറിച്ചുളള ദൈവഹിതം... എന്നാൽ ഇതിനു തടസ്സമായി എന്തെങ്കിലും പാപാവസ്ഥ നമ്മുടെ ജീവിതത്തിൽ ഉണ്ടെങ്കിൽ, നമ്മുക്കായി കീറിമുറിക്കപ്പെട്ട യേശുവിന്‍റെ മഹായാഗത്തോട്, ആത്മാർത്ഥമായ അനുതാപത്തിലൂടെ താതാൽമ്യപ്പെട്ടു കൊണ്ട് അവനെ ഹൃദയത്തിൽ രക്ഷകനും നാഥനുമായി ഏറ്റു പറഞ്ഞു അവന്‍റെ വാഗ്ദാനമായ പരിശുദ്ധാത്മാവിനെ ഹൃദയപൂർവ്വം സ്വീകരിക്കണം.. അപ്പോൾ പരിശുദ്ധാത്മാവിന്‍റെ സഹായത്താൽ നാം ത്രിത്വത്തിന്‍റെ തണലിൽ സാർവർത്രിക കൂട്ടായ്മയിൽ പങ്കുകാരാവുകയും ചെയ്യും...
ഇങ്ങനെ നിരന്തരമായ ത്രിത്വയ്ക ആശീർവ്വാദത്തിന്‍റെ സമൃദ്ധിയിലുള്ള വിശുദ്ധീകരണം നമ്മളിലും നമ്മളുമായി ബന്ധപ്പെടുന്ന സകല മേഖലകളിലും ഉണ്ടാകുമെന്ന ഉറച്ച ബോദ്ധ്യം നമ്മെ നയിക്കട്ടെ.. ഈ സവിശേഷ ശക്തിക്കു മുന്നിൽ ശുദ്ധമാക്കപ്പെടാത്തതായി മറ്റെന്തെങ്കിലും ഉണ്ടാകുമോ ഹൃദയത്തിൽ കാഠിന്യം സൂക്ഷിക്കുന്ന മര്‍ക്കട മുഷ്ട്ടിക്കാരായ മനുഷ്യരല്ലാതെ...?
ഭീരുത്വത്തിന്‍റെ ആത്മാവാണ് അശുദ്ധിയെ ഭയക്കുന്നതും പലപ്പോഴും അതിന്‍റെ വക്താക്കളാകുന്നതും .. നാം ഭീരുത്വത്തിന്‍റെ ആത്മാവിനെയല്ല സ്വീകരിച്ചിരിക്കുന്നത്, പ്രത്യുത മഹത്വത്തിന്‍റെയും ശക്തിയുടെയും ആത്മാവിനെയാണ് എന്ന ബോദ്ധ്യം നമ്മുക്ക് ഉണ്ടാവണം.
പൗലോസ് ശ്ലീഹ നമ്മെ ഇങ്ങനെ പഠിപ്പിക്കുന്നു..
"നിങ്ങളെ വീണ്ടും ഭയത്തിലേക്കു നയിക്കുന്ന അടിമത്തത്തിന്‍െറ ആത്‌മാവിനെയല്ല, മറിച്ച്, പുത്രസ്വീകാരത്തിന്‍െറ ആത്‌മാവിനെയാണു നിങ്ങള്‍ കൈക്കൊണ്ടിരിക്കുന്നത്. ഈ ആത്‌മാവു മൂലമാണു നാം ആബാ - പിതാവേ - എന്നു വിളിക്കുന്നത്.
നാം ദൈവത്തിന്‍െറ മക്കളാണെന്ന് ഈ ആത്‌മാവു നമ്മുടെ ആത്‌മാവിനോട് ചേര്‍ന്ന് സാക്‌ഷ്യം നല്‍കുന്നു."
റോമാ 8 : 15-16
അനാവശ്യമായ ഭയങ്ങൾ കുത്തിവെച്ചുകൊണ്ട് നമ്മുടെ വിശ്വാസ ജീവിതത്തെ വികലമാക്കി കാട്ടുവാൻ ശ്രമിക്കുന്ന ശക്തികളെ പൂർണ്ണമായും അവഗണിച്ച് ആട്ടിപ്പായിക്കുക.. കാരണം, പ്രപഞ്ചത്തെ മുഴുവൻ നിയന്ത്രിക്കുന്ന ത്രിത്വയ്ക കൂട്ടായ്മയുടെ സംരക്ഷണ വലയം എല്ലാറ്റിലും ശക്തമാണെന്നും അതിനെ ഭേദിക്കാൻ ഭൗമിക ശക്തികൾക്ക് സാധിക്കില്ലെന്നും നാം തിരിച്ചറിയണം.. ഉറച്ചു വിശ്വസിക്കുകയും വേണം.
അങ്ങനെ സത്യ വിശ്വാസത്തിൽ ഉറച്ച ബോദ്ധ്യങ്ങളോടെ ജീവിതത്തിൽ തിരസ്കൃതരാകാതെ സ്വർഗ്ഗത്തെ ലക്ഷ്യമാക്കി ജീവിക്കുവാൻ എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ...

No comments:
Post a Comment