Thursday, May 12, 2016

കാലത്തിന്റെ അടയാളങ്ങള്‍ കണ്ടു ഭയപ്പെടണമോ..?


ഭൂകമ്പങ്ങളെയും, സുനാമികളെയും, യുദ്ധങ്ങളെയും, കലഹങ്ങളെയും എല്ലാം അവസാന കാലത്തിന്റെ അടയാളങ്ങളായി നാം വ്യാഖ്യാനിക്കാറുണ്ട്. ഈ വിധത്തിലുള്ള വ്യാഖ്യാനങ്ങള്‍ വിശ്വാസം കൂട്ടുവാന്‍ സഹായകരമാകുമെന്ന് നാം വിശ്വസിക്കുന്നു. അല്പം ഭയത്തോടെയാണെങ്കിലും അത്തരം ചിന്തകളെ നാം പ്രോത്സാഹിപ്പിക്കുന്നു. ഇത്തരം ചിന്തകള്‍ മനുഷ്യമനസ്സുകളില്‍ ജീവിതത്തെ കുറിച്ചുള്ള ഒരുതരം ഉല്‍ഖണ്ടയും ഭയവും ജനിപ്പിക്കുകയും, അതുവഴിയായി മനുഷ്യരെ ക്രിയാത്മകത നഷ്ട്ടപ്പെട്ട് നിസ്സംഗത നിഴലിക്കുന്ന ഒരു മരവിച്ച ജീവിതത്തിലേക്ക് നയിക്കുകയും ചെയ്യും എന്നതിലപ്പുറം മറ്റു പ്രയോജനം ഉണ്ടോ എന്ന് ചിന്തിക്കേണ്ടതുണ്ട്.

 വിശ്വാസം വിതക്കേണ്ടതും, വളര്‍ത്തേണ്ടതും, ഭയപ്പെടുത്തിയാവണമോ..? അതിലും നല്ലത് ഭയപ്പെടേണ്ട സാഹചര്യങ്ങളിലും ഭയം കൂടാതെ ക്രിയാത്മകത നില നിര്‍ത്തുന്ന മാതൃകാപരമായ ജീവിതം കാഴ്ചവെക്കുന്നതല്ലേ മറ്റുള്ളവരില്‍ വിശ്വാസം വളര്‍ത്താന്‍ കൂടുതല്‍ സഹായിക്കുക..? ലോകാവസാനമായി എന്ന് പറഞ്ഞു മറ്റുള്ളവരെ ഭയപ്പെടുത്തി വിശ്വാസം കുത്തി വെച്ച്, മാനസാന്തരപ്പെടുത്തുന്ന ഒരു പ്രവണത പൊതുവേ കാണപ്പെടുന്നു. അങ്ങനെ ഭയത്തോടെ മാനസാന്തരപ്പെട്ടവര്‍ വിശ്വാസത്തില്‍ കൂടുതല്‍ കാലം നില നില്‍ക്കുന്നതായി കാണുന്നുമില്ല..
 പ്രപഞ്ചത്തില്‍, കണ്ണെത്താ ദൂരങ്ങളില്‍, അനേകായിരം നക്ഷത്രങ്ങളും, സൌരയുധങ്ങളും, മില്കീവേകളും ഗാലക്സികളും ഒക്കെ സൃഷ്ട്ടിച്ചു വ്യാപിപ്പിച്ചു ഇട്ടിരിക്കുന്നവനും, ആകര്‍ഷണം എന്ന് നമ്മള്‍ വിളിക്കുന്ന ഒരു ശക്തിയാല്‍ ഒരു നൂലിന്റെ ബന്ധം പോലുമില്ലാതെ ശൂന്യതയില്‍ ഇവയെയെല്ലാം സുരക്ഷിതമായി പരസ്പരം കൂട്ടിയിണക്കി പിടിച്ചു നിര്‍ത്തിയിരിക്കുന്നവനുമായ ദൈവം എത്ര ബലവാനും ശക്തനുമാണ്..? അത്തരം ഒരു ശക്തിയെ ചൂണ്ടിക്കാണിച്ചു പരിചയപ്പെടുത്തി തന്നിട്ട് യേശു നമ്മോടു പറഞ്ഞു, ആബ്ബാ പിതാവേ എന്ന് ആ പരമ ശക്തിയെ സ്വാതന്ത്ര്യത്തോടെ വിളിച്ചുകൊള്ളാന്‍..  എത്രയോ വലിയ മഹത്തായ കാര്യമാണ് യേശു നമ്മുക്കായി ചെയ്തത്..? നമ്മില്‍ നിന്നും വളരെ ദൂരത്തു നിന്നിരുന്ന ഒരു അപരിമേയ ശക്തിയെ പിതാവായി നമ്മുക്ക് പരിചയപ്പെടുത്തി.. കോടാനുകോടി വര്‍ഷങ്ങള്‍ ഈ പ്രപഞ്ചത്തെ അതിന്‍റെ മനോഹാരിതയില്‍ നിലനിര്‍ത്തിയിരിക്കുന്ന ദൈവത്തിന്‍റെ പദ്ധതികളെയും, തീരുമാനങ്ങളെയും കുറിച്ച് സ്വപുത്രനായ യേശു പോലും പറഞ്ഞത്, "ആ ദിവസത്തെക്കുറിച്ചു പിതാവിന് മാത്രമേ അറിയാവൂ" എന്നാണ്.

 വെറും അറുപതോ എഴുപതോ, കൂടിപ്പോയാല്‍ എണ്‍പതോ വര്‍ഷം ജീവിക്കുവാന്‍ വേണ്ടി മാത്രം ദൈവം തന്നെ നമ്മുക്ക് നല്‍കിയ ബുദ്ധികൊണ്ട്, ഇത്ര വിശാലമായ ഈ പ്രപഞ്ചത്തെയും, അതിന്‍റെ സൃഷ്ട്ടാവിനെയും, അളക്കുവാനും, വിശകലനം ചെയ്യുവാനും ശ്രമിക്കുന്നത് യഥാര്‍ത്ഥത്തില്‍ വിഡ്ഢിത്തമല്ലേ..?  അതിലും നല്ലത്, ദൈവത്തിനു അസ്സാദ്ധ്യമായി ഒന്നുമില്ല എന്ന താഴ്മയുള്ള ചിന്ത കൂടുതലായി വളര്‍ത്തിയെടുക്കുകയല്ലേ വേണ്ടത്..? മനുഷ്യന്റെ ഒരു ആയുഷ്ക്കാലത്തെക്ക് മാത്രമായി നല്‍കിയ ബുദ്ധികൊണ്ട് ദൈവിക ശക്തിയെ തിരിച്ചറിയാന്‍ ശ്രമിക്കുകയും, ഭൌതികതയില്‍ ഊന്നിയ യുക്തിസഹജമായ ബോധ്യങ്ങളില്‍ എത്തിപ്പെടുകയും ചെയ്യുന്നത് തികച്ചും ഒരു വിശ്വാസിക്ക് യോജിച്ചതല്ലല്ലോ.

 മനുഷ്യന്‍ സാധാരണ അടിയറവു പറയുന്നത് എപ്പോഴും അവന്റെ യുക്തിക്ക് നിരക്കാത്തതും, ശക്തിക്ക് അതീതവുമായ കാര്യങ്ങള്‍ മുന്നില്‍ വരുമ്പോള്‍ മാത്രമാണ്...എന്നാല്‍ ഒരു യഥാര്‍ത്ഥ വിശ്വാസി, ഏതു നിമിഷത്തിലും മരണത്തെ സ്വീകരിക്കുവാനും, ലോകാവസാനത്തെ അഭിമുഖീകരിക്കുവാനും തയ്യാറുള്ളവന്‍  ആയിരിക്കണം. ‍ 

 നമ്മള്‍ ചോദിക്കാതെ ഈ ലോകത്തില്‍ നമ്മുക്ക് ഒരു അഡ്രസ്സും, മാതാ പിതാക്കളെയും, ബന്ധുക്കളെയും, ജീവിത സാഹചര്യങ്ങളെയും നല്‍കിയ ദൈവം, നമ്മെ തിരിച്ചെടുക്കുന്ന ദിവസത്തെ ഓര്‍ത്ത് നാം സന്തോഷിക്കുകയല്ലേ വേണ്ടത്..? എന്നും ഈ ലോക ജീവിതത്തെ കെട്ടിപ്പുണര്‍ന്നു കഴിയുവാന്‍ നമ്മുക്കെന്തായാലും കഴിയില്ല.. ഒരു ദിവസം പോകണം. അത് സന്തോഷത്തോടെയാവണം. അതിനു നാം എന്ത് ചെയ്യണം..? സ്വര്ഗ്ഗരാജ്ജ്യത്തില്‍ പ്രവേശിക്കുവാന്‍ നിങ്ങള്‍ ശിശുക്കളെപ്പോലെയാവണം എന്ന് നമ്മെ പഠിപ്പിച്ച യേശുനാഥന്റെ വാക്കുകള്‍ നമ്മുക്കൊര്‍ക്കാം..

 ശിശുക്കള്‍ നിഷ്കളങ്കരാണ്.. ശുദ്ധിയുള്ളവരാണ്. അതെ വിശുദ്ധിയും നൈര്‍മ്മല്ല്യവും നമ്മുക്കും കൈവരിക്കാന്‍ കഴിഞ്ഞാല്‍ ഒരു വിശ്വാസിക്കും അന്ത്യനാളിനെക്കുറിച്ച് വേവലാതിപ്പെടെണ്ടി വരില്ല. എന്തെങ്കിലും കടം ബാക്കി വെക്കുന്നവര്‍ക്ക്‌ മാത്രമാണ് എപ്പോഴും വേവലാതി ഉണ്ടാവുക...
 ദൈവത്തോടും മനുഷ്യരോടും, സ്വന്ത മനസാക്ഷിയോടും ഒരു കടവും ബാക്കി വെക്കാതെ ജീവിക്കുവാന്‍ നമ്മുക്ക് ഓരോ നിമിഷവും പരിശ്രമിക്കാം..അങ്ങനെയാകുമ്പോള്‍ പിന്നെ നാം എന്തിനു ഭയപ്പെടണം..? നശ്വരമായ ഈലോക ജീവിതത്തെക്കുറിച്ച് എന്തിന് ആശങ്കപ്പെടണം..?

1 comment:

  1. ഇതില്‍ ഒരുപാട് നല്ല ചോദ്യങ്ങള്‍ ഉണ്ട്. ചിന്തിക്കാനുള്ള ചോദ്യങ്ങള്‍. എന്‍െറ ഒരു അഭിപ്രായം പങ്കുവക്കാം. ദൈവം ഒരനുഭവമാണ്. അനുഭവിക്കണമെങ്കില്‍ മനസ്സിനെ സ്വതന്ത്രമാക്കുക. ഭയം മാനുഷികമാണ്. സ്വതന്ത്രമനസ്സില്‍ ഭയമില്ല. അതിന് ദൈവത്തില്‍ വിശ്വാസം വേണം. ``കാണാതെ വിശ്വസിക്കുന്നവര്‍ ഭാഗ്യവാന്‍മാര്‍``

    ReplyDelete