Friday, May 13, 2016

ദൈവ രാജ്യമെന്നാല്‍...!!

"സമയം പൂര്‍ത്തിയായി, ദൈവരാജ്യം സമീപിച്ചിരിക്കുന്നു.. അനുതപിച്ചു സുവിശേഷത്തില്‍ വിശ്വസിക്കുവിന്‍.." (മാര്‍ക്കോസ് 1 :15)

മര്‍ക്കോസിന്റെ സുവിശേഷത്തില്‍ നാം കാണുന്ന യേശുവിന്റെ ആദ്യ വചനങ്ങളാണിത്. ഈ ഭൂമിയില്‍ താന്‍ അവതരിച്ചതിന്റെ യഥാര്‍ത്ഥ കാരണം വിളിച്ചറിയിക്കുന്ന 'നിഗൂഡ ജ്ഞാനത്തിന്റെ' സംക്ഷിപ്തവചനം.

ഈ പ്രപഞ്ച ഗോളങ്ങളില്‍ സര്‍വ്വത്തിന്റെയും മേല്‍ അധികാരവും അവകാശവും ഉണ്ടായിരുന്നിട്ടും, താന്‍ ദൈവേഷ്ട്ടപ്രകാരം ജനിച്ചു വീണ ചാണകം മണക്കുന്ന പുല്തോട്ടി മുതല്‍, വളര്‍ന്ന വീടോ, തലയെടുപ്പോടെ കാല്‍ വച്ച് നടന്ന ദേശങ്ങളോ, മരണപ്പെട്ട കാല്‍വരി മലയോ, അടക്കപ്പെട്ട ഗുഹയോ തുടങ്ങി ഈ ഭൂതലത്തിലെ ഒരു തുണ്ട് ഭൂമി പോലും കൈവശം വെക്കാതെ, ഭൂമിയില്‍ മറ്റു രാജാക്കന്മാര്‍ ആരും ഉപയോഗിച്ച ഒരു ആയുധങ്ങളും കൈയ്യില്‍ ഏന്താതെ, കുരിശിലെ ഭോഷത്തം അതിന്റെ അര്‍ഥത്തില്‍ മാത്രം തിരിച്ചറിയുന്ന ഒരു ജനത്തിനു വേണ്ടി അവന്‍ സ്ഥാപിച്ച രാജ്യം. അതാണ്‌ ദൈവ രാജ്യം..! സാധാരണ യുക്തി കൊണ്ട് ആര്‍ക്കും മനസ്സിലാക്കാന്‍ കഴിയാത്ത പ്രപഞ്ച സത്യം..!

യേശുവിന്‍റെ മരുഭൂമിയിലെ പരീക്ഷണ സമയത്ത്, ഈ ഭൂമിയിലെ പലതും കാണിച്ചുകൊടുത്തുകൊണ്ട് അതെല്ലാം അവന്റെതാണെന്നും, സകലതും അവനു നല്‍കാമെന്നും സാത്താന്‍ അവകാശപ്പെട്ടപ്പോഴും, (ലൂക്കാ 4:6), യേശു സാത്താന്‍റെ മുന്നില്‍ തന്‍റെ “ഉടമസ്ഥാവകാശം” സ്ഥാപിക്കാന്‍ പരിശ്രമിച്ചില്ല എന്നത് നാം ശ്രദ്ധിക്കണം. ദൈവത്തിന്‍റെ രൂപച്ഛായയില്‍ സൃഷ്ട്ടിക്കപ്പെട്ട മനുഷ്യന്‍, തന്‍റെ പാപേച്ഛയില്‍ കുടുങ്ങി തനിക്കു അവകാശമായി നല്‍കപ്പെട്ട ഭൂമിയെ സാത്താന്‍റെ കരങ്ങളില്‍ ഏല്‍പ്പിച്ചു കൊടുത്തുകൊണ്ട്, പറുദീസയില്‍ വെച്ച് നല്‍കപ്പെട്ട സകല അവകാശങ്ങളും നഷ്ടമാക്കിയെന്നല്ലേ യോഹന്നാന്റെ സുവിശേഷത്തിലൂടെ (യോഹ 14:30) യേശു നമ്മുക്ക് കാണിച്ചു തരുന്ന "ഈ ലോകത്തിന്റെ അധികാരി" എന്ന പ്രയോഗത്തിലൂടെ നാം മനസ്സിലാക്കേണ്ടത്. ഈ ഭൂമിയും അതിലുള്ള സകലവും, “ഈ ലോകത്തിന്റെ അധികാരി” യുടെ ദുര്‍ഭരണത്തിന്‍കീഴില്‍ കഴിയുന്ന ആത്മാക്കളെ ഉള്ളില്‍ പേറുന്ന മനുഷ്യര്‍ കാല്‍ വച്ച് നടക്കുവോളം, സാത്താന്‍റെ സ്വത്തായി തന്നെ തുടരുമെന്ന് യേശുവിന് അറിയാമായിരുന്നു.

സാത്താന്‍റെ അധീനത്തില്‍ കഴിയുന്ന ഓരോ മനുഷ്യാത്മാവിനെയും, ദൈവരാജ്യത്തിന്റെ സുവിശേഷവെളിച്ചത്തിലേക്ക് ആകര്‍ഷിക്കുവാന്‍ "താന്‍ ഭൂമിയില്‍ നിന്നും ഉയര്‍ത്തപ്പെട്ടു" കഴിയുമ്പോള്‍ സാദ്ധ്യമാകുമെന്ന് അവന്‍ അറിഞ്ഞിരുന്നു. തന്‍റെ ദൌത്യം പൂര്‍ണ്ണമാകുന്നതോടെ ഈ ലോകത്തിന്‍റെ അധികാരി പുറന്തള്ളപ്പെടുമെന്നും (യോഹ 12:31)  യേശുവിന് അറിയാമായിരുന്നു.

റോമാ സാമ്രാജ്യത്തിന്‍റെ അധീനത്തില്‍ നിന്നും ഇസ്രയേല്‍ ജനത്തെ മോചിപ്പിക്കാന്‍ വന്ന ജനനായകനാണ് യേശുവെന്ന് ശിഷ്യര്‍ പോലും തെറ്റിദ്ധരിച്ചപ്പോള്‍, യേശു അതും തിരുത്തിക്കൊടുക്കാന്‍ മെനക്കെട്ടില്ല. കാരണം, അവന്റെ മഹത്വീകരണത്തിന് ശേഷം, അവര്‍ ഉള്ളില്‍ പേറുന്ന ബലഹീനമായ മനുഷ്യാത്മാവിന്റെ സര്‍വ്വ അറിവിനെയുംജ്ഞാനത്തെയും അതിശയിപ്പിക്കുവാന്‍ കഴിവുള്ള, പരിശുദ്ധാത്മാവിന്റെ "ദൈവിക ജ്ഞാനം" അവരിലേക്ക്‌ പകര്‍ന്നു കഴിയുമ്പോള്‍ അവര്‍ക്ക് എല്ലാം “വ്യക്ത”മാകുമെന്ന് അവന്‍ അറിഞ്ഞിരുന്നു.

ദൈവ രാജ്യം വ്യക്തമായി കാണുവാന്‍, ദൈവരാജ്യത്തിന്റെ മാസ്മരിക അനുഭൂതി സ്വായത്തമാക്കാന്‍ പരിശുദ്ധാത്മാവിന്റെ ജ്ഞാനം കൂടിയേ തീരൂ. യുക്തി കൊണ്ട് വിശ്വാസത്തെ ബലപ്പെടുത്തുവാന്‍ പരിശ്രമിച്ചു ദയനീയ പരാജയം ഏറ്റു വാങ്ങി, ആത്മീയ പാതയില്‍ നിന്നും പിന്മാറ്റം നടത്തുന്ന അനേകരെ നാം കാണുന്നുണ്ടല്ലോ. ഈ ഭൂമിയുടെ സ്വത്തല്ലാത്തതും, മനുഷ്യന്റെ ജന്മ സമയത്ത് ദൈവച്ഛായ പകര്‍ന്നു തരുവാന്‍, ദൈവാംശത്തില്‍ നിന്നും പറിച്ചു നല്‍കപ്പെട്ടതുമായ, മനുഷ്യാത്മാവ്, സാത്താന്‍റെ രാജ്യവാഹകരായിത്തീരുന്നത്, ദൈവം വേദനയോടെ സ്വര്‍ഗ്ഗത്തില്‍ നിന്നും കണ്ടതുകൊണ്ടാണ്, ആ സാത്താനിക സ്വാധീനത്തില്‍ നിന്നും വിടുവിക്കുവാനായി സ്വപുത്രനെ ഭൂമിയിലേക്ക്‌ അവിടുന്ന് അയച്ചത്. അവന്‍ വിളിച്ചറിയിച്ച ദൈവരാജ്യത്തിന്റെ സുവിശേഷം, നഷ്ട്ടപ്പെട്ട ആത്മാക്കളെ മാത്രം നേടുവാനുള്ള, ലോകത്തിന്‍റെ സ്വത്തായതും, ലോകത്തില്‍ അഴിഞ്ഞു തീരേണ്ടതുമായ ശരീരത്തെ മാറ്റി നിര്‍ത്തികൊണ്ട്‌, അവരുടെ ആത്മാക്കളെ മാത്രം കോര്‍ത്തിണക്കി ദൈവാംശത്തില്‍ പുനസ്ഥാപിക്കുന്ന മഹനീയ രാജ്യമെന്ന ലക്ഷ്യത്തിന്റെ സുവിശേഷമായിരുന്നു. അത് സാമാന്യ ബുദ്ധിക്കു അപ്രാപ്യവും ദുര്‍ഗ്രഹവുമായിരുന്നു. ഇന്നും “ആ മഹാരഹസ്യം” യുക്തി കൊണ്ട് വിശ്വാസത്തെ അളക്കുന്നവര്‍ക്ക് അപ്രാപ്യമായും ദുര്‍ഗ്രഹമായും തന്നെ തുടരുന്നു.

ഈ ലോകത്തിന്റെതായ എന്തെല്ലാം നാം നേടിയാലും, അത് ഈലോകത്തില്‍ തന്നെ നഷ്ട്ടപ്പെടും... സ്വര്‍ഗ്ഗത്തിന്റെ സ്വത്തും, ദൈവാംശവുമായ ആത്മാക്കളെ നേടുമ്പോള്‍, ദൈവരാജ്യത്തില്‍ അത് മുതല്‍ക്കൂട്ടാവുകയും ചെയ്യും..

ലാളിത്യത്തില്‍ അധിഷ്ട്ടിതമായ വിശ്വാസത്തിനു മാത്രമേ ലാളിത്യത്തിന്‍റെ സുവിശേഷം തിരിച്ചറിയാന്‍ കഴിയൂ. എന്നോട് ദൈവം നിത്യവും ചോദിക്കുന്നു.. എന്‍റെ വത്സല പുത്രനായ യേശു ഭൂമിയില്‍ സ്ഥാപിച്ച അദൃശ്യമായ "ദൈവരാജ്യ"ത്തില്‍ നീ അംഗമാണോ..? സകല ബുദ്ധിയേയും അതിലന്ഘിക്കുന്ന ദൈവരാജ്യത്തിന്റെ അനുഭൂതി നിനക്ക് സ്വായത്തമാണോ..? നിനക്ക് ലഭിച്ച ദൈവരാജ്യത്തിന്റെ വെളിച്ചം എത്ര പേരിലേക്ക് നീ പകര്‍ന്നു കൊടുത്തു..?

ദൈവ രാജ്യവ്യാപനത്തില്‍ നീ യേശുവിനോട് കൂടെ പങ്കാളിയാണോ..? അങ്ങനെയെങ്കില്‍ നീ എനിക്കായി എത്ര ആത്മാക്കളെ അദൃശ്യമായ അവന്‍റെ "ആത്മീയരാജ്യ"ത്തില്‍ ചേര്‍ത്തു..? നിന്‍റെ വാക്ക് കേട്ട്, നിന്‍റെ പ്രവര്‍ത്തികള്‍ കണ്ട്, നിന്നെ കണ്ട് എത്ര പേര്‍ ദൈവ രാജ്യത്തിലേക്ക് ആകര്‍ഷിക്കപ്പെട്ടു..?

ദാനമായ എന്‍റെ ക്രിസ്തീയ ജീവിതം എനിക്ക് നല്‍കിയിരിക്കുന്ന പ്രഥമമായ ഉത്തരവാദിത്തമാണ് എന്‍റെ ദൈവത്തിനു വേണ്ടി ആത്മാക്കളെ നേടുക... അഥവാ.. ദൈവ രാജ്യവ്യാപനം.. !

എന്നില്‍ അര്‍പ്പിക്കപ്പെട്ടിരിക്കുന്ന ക്രിസ്തീയ ജീവിതത്തിന്‍റെ ആത്യന്തിക ലക്‌ഷ്യം.. അതാണ്‌ ദൈവ രാജ്യം..! 

No comments:

Post a Comment