Monday, May 16, 2016

ഒരുമിച്ചുള്ള യാത്ര...!

ആമോസ് പ്രവാചകന്‍റെ പുസ്തകം വായിക്കുമ്പോള്‍ ഒരു വചനം എന്‍റെ ശ്രദ്ധയില്‍ വളരെ ശക്തമായ ചില ചിന്തകള്‍ ഉണര്‍ത്തുന്നു. കഴിഞ്ഞ കുറെ ദിവസങ്ങളിലായി എന്‍റെ മുന്നിലെത്തിയ ചില വിഷയങ്ങളെ ഈ വചനവുമായി ബന്ധിപ്പിച്ചു ചിന്തിക്കുമ്പോള്‍ ദൈവം മനസ്സില്‍ തോന്നിപ്പിക്കുന്ന ചില കാര്യങ്ങള്‍ ഇവിടെ കുറിക്കട്ടെ.

"ആലോചിച്ചുറയ്ക്കാതെ രണ്ടു പേര്‍ ഒരുമിച്ചു യാത്ര തിരിക്കുമോ..?" (ആമോസ്, 3 :3)

ആലോചിച്ചുറയ്ക്കാതെയുള്ള യാത്രതിരിക്കലുകള്‍ പലപ്പോഴും വളരെ പെട്ടെന്നുതന്നെ വഴിപിരിയലില്‍ കലാശിക്കുന്ന ദയനീയമായ കാഴ്ച ഇന്ന് സര്‍വ്വ സാധാരണമാണ്. പ്രേമവിവാഹവും അതേ തുടര്‍ന്നുള്ള ജീവിതവും എപ്പോഴും പരാജയത്തില്‍ കലാശിക്കുമെന്നൊരു ചൊല്ലുതന്നെ സാധാരണ മുതിര്‍ന്നവരുടെ ഇടയില്‍ നിന്ന് കേള്‍ക്കാറുണ്ട്. ചുരുക്കം ചില ചെറുപ്പക്കാരെങ്കിലും ഇന്നിത് ആവര്‍ത്തിച്ചു പറയാറുമുണ്ട്
കോളേജുകാമ്പസുകളിലൊക്കെ പ്രേമം ഒരു ഫാഷനായി തുടരുമ്പോഴും, ബുദ്ധികൂര്‍മ്മതയോടെ പ്രേമക്കുടുക്കുകളില്‍ പെടാതെ തങ്ങളെത്തന്നെ സ്വയം സംരക്ഷിക്കുന്ന യുവാക്കളും ഇന്ന് ഉണ്ടെന്നത് എടുത്തു പറയേണ്ട കാര്യമാണ്. ചിലരൊക്കെയെങ്കിലും സമയം പോക്കിന് വേണ്ടി മാത്രം വളരെ ലാഘവത്തോടെ പ്രേമം എന്ന വിഷയം കൈകാര്യം ചെയ്യുകയാണ്. മുന്നോട്ടുള്ള ജീവിതത്തെക്കുറിച്ച് വ്യക്തമായ ധാരണയില്ലാതെ, അപക്വമായ വൈകൃതങ്ങളില്‍ സ്വയം വീഴുകയും മറ്റുള്ളവരെ വീഴ്ത്തുകയും ചെയ്യുന്ന വലിയ അപകടമാണ് ഇത്തരക്കാര്‍ വരുത്തിവെയ്ക്കുന്നത്.  

പ്രേമിച്ചു നിരാശരാകുന്നവരും, പ്രേമമെന്ന ചെകുത്താന്‍റെ കരാള ഹസ്തങ്ങളില്‍ പെട്ട് 'അങ്ങോട്ടും വയ്യാ ഇങ്ങോട്ടും വയ്യാ' എന്ന അവസ്ഥയില്‍ കുടുങ്ങി, പ്രഥമമായ ജീവിത ലക്ഷ്യങ്ങള്‍ മറന്നുകൊണ്ട് അലസതയുടെയും, മടിയുടെയും ചുഴിയില്‍ വീണ്, പഠനമെന്ന ജീവിതാടിത്തറ നഷ്ട്ടപ്പെടുത്തുന്ന അനേക ചെറുപ്പക്കാര്‍ ഇന്ന് നമ്മുടെ ഇടയിലുണ്ട്. ഊര്‍ജ്ജസ്വലതയോടെ, ജീവിതത്തില്‍ അനേക ക്രിയാത്മക കാര്യങ്ങള്‍ ചെയ്യേണ്ട പ്രായത്തില്‍, താടിയും മുടിയും വളര്‍ത്തി, നിരാശ നിഴലിക്കുന്ന മുഖഭാവവുമായി, ആര് എന്ത് പറഞ്ഞാലും തലയില്‍ കയറാത്ത അവസ്ഥയില്‍ “മരവിച്ചവരായി” ജീവിതം തള്ളിനീക്കുന്ന പരിതാപകരമായ അവസ്ഥ ചിലരുടെയെങ്കിലും ജീവിതത്തില്‍ നമ്മുക്കിന്ന് കാണാം.

ഓരോ പ്രഭാതവും പുതുതായി നമ്മുക്ക് മെനഞ്ഞു തരുന്ന ദൈവം, ഈ പ്രപഞ്ചത്തില്‍ അവിടുന്ന് പകര്‍ന്നു വച്ച ഭംഗിയും ചലനാത്മകതയും, അതിന്‍റെ പൂര്‍ണ്ണതയി.ല്‍ കാത്തു സൂക്ഷിക്കുവാന്‍ നമ്മോടു നിരന്തരം ആവശ്യപ്പെടുന്നുണ്ട്. അങ്ങനെയെങ്കില്‍ നിസ്സാരമായ കാര്യങ്ങളില്‍ നമ്മുടെ ജീവിതം കുഴഞ്ഞു മറിഞ്ഞു തകരേണ്ടതല്ല എന്ന തിരിച്ചറിവ് നാം ഹൃദയത്തില്‍ സൂക്ഷിക്കേണ്ടത് നമ്മുടെ ഉത്തരവാദിത്തമാണ്.. പ്രേമിച്ചു വിവാഹം കഴിക്കുന്നതും, പ്രേമിച്ചു ജീവിതം വികലമാക്കുന്നതും ഇന്നൊരു സാധാരണ സംഭവമായി സമൂഹത്തില്‍ തുടരുന്നു.
ഒന്നിച്ചു പഠിക്കുമ്പോള്‍, ഒന്നിച്ച് അധികകാലം ഇടപെടുമ്പോള്‍ പരസ്പരം ഇഷ്ട്ടം തോന്നുക, സ്നേഹം തോന്നുക എന്നതൊക്കെ സ്വാഭാവികം മാത്രം. നല്ല സൌഹൃതങ്ങള്‍ അതിന്‍റെ ഗൌരവത്തില്‍ തന്നെ തുടരുവാന്‍ ഇന്നത്തെ ലോകത്തില്‍ ഒരു തടസ്സവും ഇല്ലല്ലോ. പക്ഷെ, സൌഹൃതങ്ങള്‍ അതിന്‍റെ അതിര്‍ വരമ്പുകള്‍ ലംഘിച്ചുകൊണ്ട് മറ്റു വഴികളിലേക്ക് തിരിയുമ്പോള്‍ അത് വലിയ അപകടം വിളിച്ചു വരുത്തുന്നു.

പക്വതയോടെയുള്ള സത്യസന്ധമായ സ്നേഹം പ്രോത്സാഹിപ്പിക്കപ്പെടണം. കാരണം അത്തരം സ്നേഹം ഇന്ന് ലോകത്തില്‍ കാലഹരണപ്പെട്ടുകൊണ്ടിരിക്കുകയാണ്. പക്ഷെ, വെറും സമയ നഷ്ട്ടമുണ്ടാക്കുന്ന ഇടപാടുകളില്‍ കുടുങ്ങി, സ്വജീവിതം കെട്ടിപ്പെടുത്തു സുന്ദരമാക്കുവാന്‍ ദൈവം സമ്മാനമായി നല്‍കിയിരിക്കുന്ന പഠനകാലഘട്ടത്തെ വികലമാക്കുകയും, വികൃതമാക്കുകയും ചെയ്യുന്ന പ്രവണതയാണ് സൂക്ഷിക്കേണ്ടതും, നിയന്ത്രിക്കപ്പെടെണ്ടതും. ഇന്നത്തെ തലമുറയെ മറ്റാര്‍ക്കും നിയന്ത്രിക്കാനാവില്ല, അവര്‍ സ്വയമേ നിയന്ത്രിക്കപ്പെടുന്ന വിധത്തിലേക്ക് വളരണം. കാരണം, പുറമേ നിന്നുള്ള നിയന്ത്രണം ഒരു പരിധി വരെ, “നിയന്ത്രിക്കുന്നവരെ മറുതലിക്കുന്ന” സ്വഭാവത്തിലേക്കു അവരെ വലിച്ചിഴക്കുന്നു. അതെ സമയം, സ്വയം നിയന്ത്രിക്കാനുള്ള പക്വതയിലേക്ക് അവരെ വളര്‍ത്തുക വഴി, പുതു തലമുറയെ ആത്മഹത്യ പോലുള്ള വലിയ വിപത്തുകളില്‍ നിന്നും രക്ഷിക്കുവാന്‍ മുതിര്‍ന്ന തലമുറയ്ക്ക് കഴിയുകയും ചെയ്യും..

വിവാഹത്തിലേക്ക് പ്രവേശിക്കുവാന്‍ ഉറച്ചുള്ള സ്നേഹബന്ധങ്ങള്‍ വെറും വൈകാരിക തലത്തില്‍ കുടുങ്ങിപ്പോകാതെ, സ്വയം വിലയിരുത്തുവാനും, ഒന്നിച്ച് യാത്ര പുറപ്പെടും മുമ്പ് ആലോചിച്ചുറക്കുവാനും ഉതകുന്ന സാഹചര്യം സൃഷ്ട്ടിക്കപ്പെടുമ്പോള്‍, തീര്‍ച്ചയായും പരാജയങ്ങള്‍ ഒരു പരിധിവരെ കുറക്കുവാന്‍ കഴിയും. തകര്‍ച്ചക.ള്‍ ഒരു പരിധിവരെയെങ്കിലും ഒഴിവാക്കുവാനും സാദ്ധ്യമാകും. വഴിപിരിഞ്ഞ സ്നേഹബന്ധങ്ങളുടെ മുറിവുകളും ചതവുകളുമായി കുടുംബ ജീവിതത്തിലേക്ക് പ്രവേശിക്കുന്ന പലര്‍ക്കും ജീവിതത്തിലെ കൊച്ചു കൊച്ചു പ്രശ്നങ്ങളെ നേരിടുവാനും, വേണ്ട വിധത്തില്‍ അതിജീവിക്കുവാനും പലപ്പോഴും വലിയ ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായി കാണുന്നു..

മുന്‍കാല അനുഭവങ്ങളില്‍ നിന്നും, ഉള്ളിലേറ്റിരിക്കുന്ന ആഴമായ മുറിവുകള്‍, തത്തുല്യമായ സന്ദര്‍ഭങ്ങളി.ല്‍ ഉപബോധ മനസ്സില്‍ നിന്നും പൊന്തിവരികയും, കുടുംബങ്ങളില്‍ അനാവശ്യ പ്രശ്നങ്ങള്‍ സൃഷ്ട്ടിക്കപ്പെടുകയും ചെയ്യുന്നത് സര്‍വ്വ സാധാരണായി തുടരുന്നു. ഉപബോധ മനസ്സിലെ മുറിവുകള്‍ ജീവിതത്തില്‍ വിപരീത പ്രതിഫലനങ്ങള്‍ ഉണ്ടാക്കുക തികച്ചും സ്വാഭാവികമാണ് താനും. ഇതുമൂലം, പങ്കാളിയുടെ സ്നേഹപൂര്‍ണ്ണമായ സമീപനങ്ങള്‍ പോലും വളരെ സംശയ ദൃഷ്ട്ടിയോടെ വീക്ഷിക്കുകയും, അധിക ജാഗ്രതയോടെയുള്ള പെരുമാറ്റത്തിലൂടെ സ്വയം അസ്വസ്ഥതകള്‍ സൃഷ്ട്ടിക്കുകയും ചെയ്യുന്ന അനേകരുടെ ജീവിതം കണ്മുന്നിലൂടെ കടന്നു പോകുന്നു.

സഭ നടപ്പാക്കിയിരിക്കുന്ന മാര്യേജ് കോഴ്സ്സുകള്‍ കൊണ്ട് വിവാഹ ജീവിതത്തെക്കുറിച്ചുള്ള ചില തെറ്റായ മുന്‍ ധാരണകള്‍ മാറിക്കിട്ടുവാനും, കുറെയോക്കെയെങ്കിലും സമചിത്തതയോടെ സ്വാഭാവിക സമീപനം സ്വീകരിക്കുവാനും കുടുംബ ജീവിതത്തിലേക്ക് കടക്കുന്നവര്‍ക്ക് ഇന്ന് സാധിക്കുന്നുണ്ട്. എങ്കിലും, ജീവിതത്തെ ഗൌരവത്തോടെ കാണുവാനും, ലക്ഷ്യബോധത്തോടെ ജീവിതത്തെ സമീപിക്കുവാനും, കുടുംബ സംവിധാനവും, സ്നേഹ ജീവിതവും ഭാവി തലമുറയെ കരുത്തുറ്റതാക്കുവാൻ ഉതകുന്ന പ്രധാന ഘടകങ്ങളാണെന്ന് തിരിച്ചറിഞ്ഞു കൊണ്ട് തങ്ങളുടെ യൌവ്വനകാലം വികൃതമാകാതെ കാത്തുസൂക്ഷിക്കുവാനും, സൂക്ഷ്മതയോടെ  ജീവിതത്തെ ചിട്ടപ്പെടുത്തുവാനും പുതു തലമുറ പരിശ്രമിക്കേണ്ടിയിരിക്കുന്നു. 

അതിനു കഴിയുമ്പോള്‍ മാത്രമേ ഭാവിയിലെ “ഒന്നിച്ചുള്ള യാത്ര” സുഖകരവും സന്തോഷജനകവും, ദൈവ പദ്ധതിക്ക് അനുസൃതവുമായി മുന്നോട്ടു കൊണ്ടുപോകുവാന്‍ സഹായകമാവുകയുള്ളൂ...

2 comments: