Thursday, May 12, 2016

യഥാര്‍ത്ഥ സാക്ഷ്യം !!

ഉല്‍പ്പത്തി പുസ്തകത്തിന്‍റെ ഇരുപത്തിയാറാം  അധ്യായത്തില്‍ ഇസഹാക്കിനെപ്പറ്റി ഒരു മനോഹരമായ വിവരണമുണ്ട്. ഈജിപ്തിലേക്ക് പാലായനം ചെയ്യാന്‍ ഒരുങ്ങിയ ഇസഹാക്ക് ദൈവത്തിന്‍റെ വാഗ്ദാനം ശ്രവിച്ചു കൊണ്ട് ഫിലിസ്ത്യ ദേശമായ ഗരാറില്‍ തന്നെ തങ്ങുന്നു. അവിടെ തന്‍റെ ആളുകളുമൊത്തു കിണറുകള്‍ കുത്തുകയും കൃഷിയിറക്കുകയും ചെയ്തു. ദൈവത്തിന്റെ വാഗ്ദാനം അവനിന്‍ നിവൃത്തിയാകുന്നത് വളരെ പെട്ടെന്നാണ്. അവന്‍ വിതച്ചതെല്ലാം നൂറു മേനി വിളവായി മാറി. ദൈവ തിരുമനസ്സിനു ആമേന്‍ പറയുന്ന എല്ലാവരുടെയും  ജീവിതത്തില്‍  ദൈവം കൊടുക്കുന്ന ആത്മീയവും ഭൌതീകവുമായ മാറ്റം പോലെ, ഇസഹാക്കിന്റെ ജീവിതത്തിലും വലിയ മാറ്റം കണ്ടു തുടങ്ങി. അസൂയാലുക്കളായ ഫിലിസ്ത്യര്‍ (26 :15) ഇസഹാക്കിനെ ഉപദ്രവിക്കാനും അവനും കൂട്ടാളികളും കുഴിച്ച കിണറുകള്‍ മൂടാനും തുടങ്ങി. പക്ഷെ വളരെ ക്ഷമാശീലനായ ഇസഹാക്ക് അവരോടു യാതൊരു ശണ്ടക്കും പോകാതെ തന്മയത്വത്തോടെ പെരുമാറുന്നത് നമ്മുക്കിവിടെ വ്യക്തമായി കാണാം.

ഫിലിസ്ത്യരോട് വഴക്കിനു പോകാനുള്ള ആള്‍ ബലം ഇസഹാക്കിനു തീര്‍ച്ചയായും ഉണ്ടായിരുന്നു എന്ന് വേണം കരുതാന്‍. പക്ഷെ അതിനു മുതിരാതെ, ഇസഹാക്ക് ഗരാറിന്റെ താഴ്വാരത്തെക്ക് തന്‍റെ കൂടാരം മാറ്റി ഉറപ്പിച്ചു. അവിടെയും, ഐസക്, സിത്ന, രഹോബോത് എന്നീ മൂന്നു കിണറുകള്‍ ഇസഹാക്കും കൂട്ടരും കുത്തി വെള്ളം കാണുകയും ചെയ്തു. അപ്പോഴെല്ലാം തദ്ദേശീയരായ  മറ്റുള്ളവരുടെ അവകാശവാദങ്ങള്‍ ഉയര്‍ന്നു വരികയും അതിനു മുന്നില്‍ ഇസഹാക്ക് വിനയാന്വിതനായി തല കുനിക്കുകയും ചെയ്യുന്നതായി വചനം നമ്മെ പഠിപ്പിക്കുന്നു. എവിടെ ഉയര്‍ച്ച കാണുന്നുവോ, അവിടെ അസൂയാലുക്കളും ഉയര്‍ന്നു വരും. പല വിധ പരീക്ഷണങ്ങളും പിന്തുടരും. അത് തന്നെ ഇവിടെയും സംഭവിച്ചു. തന്‍റെ പിതാവിന് വാഗ്ദാനം നല്‍കിയ ദൈവം വിശ്വസ്ഥനാനെന്നും, അവനില്‍ ആശ്രയിച്ചാല്‍ മറ്റൊന്നിനെയും ഭയപ്പെടേണ്ട എന്നും ഇസഹാക്ക് ഉറച്ചു വിശ്വസിച്ചു. ആ വിശ്വാസത്തെ ദൈവം ബഹുമാനിക്കുകയും അവന്‍ ഏതു മരുഭൂമിയില്‍ കുഴി കുത്തിയാലും അവിടെ വെള്ളം നല്‍കി ദൈവം അവനെ സമൃദ്ധമായി അനുഗ്രഹിക്കുകയും ചെയ്തു എന്ന് നമ്മുക്ക് തുടര്‍ന്നുള്ള വചനങ്ങളില്‍ വ്യക്തമായി കാണാം. ഒടുവില്‍, ദൈവത്താല്‍ അനുഗ്രഹിക്കപ്പെട്ട ഇസഹാക്കിന്, മനുഷ്യരാല്‍ പരാജയം നേരിടുകയാണ്. ഗരാറിന്റെ താഴ്വരയില്‍ നിന്നും ഇസഹാക്കിനു പിന്‍ തിരിയേണ്ടി വരുന്നതായാണ് നാം പിന്നീട് കാണുന്നത്.

ഒരു യുദ്ധത്തിനു പോരുന്ന ആള്‍ ബലമുണ്ടായിട്ടും ഇസഹാക്ക് അതിനൊന്നും മുതിരാതെ, ദൈവത്തില്‍ ആശ്രയിച്ച്, ബെര്ഷേബയിലേക്ക് മാറി താമസിച്ചു. അവിടെയും, അവന്‍ കിണര്‍ കുത്തുകയും കൃഷിയിറക്കുകയും, നൂറു മേനി വിളവ്‌ ദൈവം അവനു നല്‍കുകയും, അവന്‍റെ ജീവിതാവസ്ഥയില്‍ അസൂയാവഹമായ മാറ്റം നല്‍കുകയും ചെയ്തു. ഈ വിവരണങ്ങളില്‍ എന്നെ ഏറ്റവും ആകര്‍ഷിച്ച ഭാഗം (26 :26) ഗരാറില്‍ നിന്നും അബിമലെക്കും, ആലോചനക്കാരനായ അഹൂസത്തും സേനാധിപനായ ഫിക്കോളും ഒന്നിച്ചു ഇസഹാക്കിനെ കാണാന്‍ ബെര്ഷേബയിലേക്ക് വരുന്ന ഭാഗമാണ്. വിനയം കൈവിടാതെയും എന്നാല്‍ അല്പം പരിഭവം കലര്‍ത്തിയും ഇസഹാക്ക് അവരോടു ചോദിക്കുന്നു, "എന്നെ വെറുക്കുകയും, നിങ്ങളുടെ നാട്ടില്‍ നിന്നും പുറത്താക്കുകയും ചെയ്ത നിങ്ങള്‍ എന്തിനെന്റെയടുക്കല്‍ വന്നു?"

അവരുടെ മറുപടി, ഇസഹാക്കിന്റെ ജീവിത മാതൃകയ്ക്ക് നല്‍കപ്പെട്ട അന്നത്തെ ഏറ്റവും വലിയ യൂണിവേര്സിറ്റി അംഗീകാരം എന്ന് തന്നെ പറയാം..

"കര്‍ത്താവ് നിന്നോട് കൂടെയുണ്ടെന്ന് ഞങ്ങള്‍ക്ക് വ്യക്തമായിരിക്കുന്നു" (26 :28) വിജാതീയരുടെ സാക്ഷ്യം !!

ദൈവത്തിന്‍റെ വാഗ്ദാനം തന്നോട് കൂടെയുണ്ടെന്നുള്ള വ്യക്തമായ ബോധ്യത്തോടെ ഒരു മനുഷ്യന്‍ ജീവിക്കുമ്പോള്‍, പ്രതിസന്ധികളെ നേരിടാന്‍ അവനു കരുത്തു നല്‍കപ്പെടും. വളരെ സമചിത്തതയോടെ, ഒരു മുറുമുറുപ്പും കൂടാതെ, തന്‍റെ ജീവിതത്തെ മുന്നോട്ടു കൊണ്ടുപോകാന്‍ അവനു സാധിക്കും. മനുഷ്യരുടെ തുടരെ തുടരെയുള്ള പരീക്ഷണങ്ങളെ നേരിട്ടപ്പോഴോന്നും, ദൈവത്തിന്‍റെ സാന്നിധ്യം തന്നോട് കൂടിയുണ്ടെന്ന ബോധ്യം ഇസഹാക്കിന് നഷ്ടമായില്ല ഒരു നിമിഷത്തിലും. നമ്മളാകട്ടെ ചെറിയ ചെറിയ പരീക്ഷണങ്ങള്‍ വരുമ്പോള്‍ അന്ന് വരെയും വഴി നടത്തിയ ദൈവത്തോട് മുഖം കറുപ്പിക്കുകയും, പിറുപിറുക്കുകയും ചെയ്യാറില്ലേ..? ആ പിരിമുറുക്കങ്ങളെല്ലാം നമ്മുടെ മുഖത്തു പ്രതിഫലിക്കുകയും, നമ്മുടെ പെരുമാറ്റത്തില്‍ പ്രത്യക്ഷപ്പെടുകയും, അതിലൂടെ വീണ്ടും നമ്മുടെ വ്യക്തിത്വവും, നാം പ്രതിനിധീകരിക്കുന്ന സമൂഹത്തിന്‍റെ തനിമയും മറ്റുള്ളവരുടെ മുന്നില്‍ വികലമാക്കി കാണിക്കുകയുമല്ലേ നാം ചെയ്യുക..? കുടുംബവും കൂട്ടായ്മകളും എന്നും സഭയുടെ അനിവാര്യ ഘടകമായിരുന്നുവല്ലോ. മറ്റു മതസ്ഥരില്‍ നിന്നും നമ്മുടെ ക്രിസ്തീയ ജീവിതത്തിനും ജീവിതശൈലിക്കും, അഭിനന്ദനം പിടിച്ചു പറ്റാന്‍ ചുരുക്കം ചില മഹനീയ വ്യക്തിത്വങ്ങള്‍ക്ക് മാത്രമേ കഴിഞ്ഞിട്ടുള്ളൂ. നാം ജോലി ചെയ്യുന്ന മേഖലകളില്‍, നാം ഇടപെടുന്ന ജീവിത സാഹചര്യങ്ങളിലെല്ലാം തന്നെ ഒരു വേറിട്ട വ്യക്തി മുദ്ര പതിപ്പിക്കാന്‍ ക്രിസ്ത്യാനികളായ നമ്മുക്ക് കഴിയണം. അപ്പോഴാണ്‌ യഥാര്‍ത്ഥ ക്രിസ്തീയ സാക്ഷികളാകാന്‍ നമ്മുക്കാവുക..

എന്തിനു അന്യ സ്ഥലങ്ങളിലേക്ക് സാക്ഷ്യം തേടി പോകണം. ഒരു ക്രിസ്തീയ കുടുംബനാഥന്റെ കണ്ണിലേക്കു നോക്കിക്കൊണ്ട്‌ എത്ര ക്രിസ്തീയ കുടുംബനാഥമാര്‍ക്ക് പറയാന്‍ സാധിക്കും, "നിന്നോട് കൂടെ ദൈവമുണ്ടെന്നു എനിക്ക് വ്യക്തമായിരിക്കുന്നു" എന്ന്. ഒരു ക്രിസ്തീയ അപ്പന്‍റെ മുഖത്തു നോക്കിയിട്ട് ഒരു കുഞ്ഞിനു പറയാന്‍ സാധിക്കുമോ, "അപ്പാ നിന്നോട് കൂടി ദൈവമുണ്ടെന്നു എനിക്ക് വ്യക്തമായിരിക്കുന്നു" എന്ന്..? ഒരു ക്രിസ്തീയ കൂട്ടായ്മയുടെ ലീടെറുടെ മുഖത്തേക്ക് നോക്കി എത്ര അംഗങ്ങള്‍ക്ക് പറയാന്‍ സാധിക്കും, ഇത്രയും കാലത്തെ നിന്‍റെ ജീവിതം കണ്ടു ഞങ്ങള്‍ക്ക് ഒരു കാര്യം വ്യക്തമായിരിക്കുന്നു.. "നിന്നോടുകൂടി ദൈവം ഉണ്ട്" എന്ന്.

യഥാര്‍ഥത്തില്‍ നമ്മുടെ സാക്ഷ്യം എന്താണ്..? നമ്മുടെ സാക്ഷ്യം എവിടെയാണ്..? എന്താണ് ഒരു ക്രിസ്ത്യാനിയെന്ന നിലയില്‍ എനിക്ക് അവകാശപ്പെട്ടതായിട്ടുള്ളത്..?

What kind of witness I am ..? What kind of Christian reflection am I giving to others..?

ഞാന്‍ ഉള്‍പ്പെടുന്ന എല്ലാ ക്രിസ്തീയ വ്യക്തിത്വങ്ങളും ഒന്നിരുത്തി ചിന്തിക്കേണ്ട വിഷയമല്ലേ ഇത്..?

No comments:

Post a Comment