Tuesday, May 31, 2016

ഉള്ളില്‍ ലയിക്കുന്ന സ്നേഹം...!!

ക്രിസ്തുമസ്സും, നോമ്പും, പെസഹായും,  ദുഃഖവെള്ളിയും,  പിന്നെ ഈസ്റെറും.. അങ്ങനെ അങ്ങനെ നമ്മുടെ രക്ഷകനായ യേശു ക്രിസ്തുവിന്‍റെ ജനനത്തിന്റെയും, പീഡാനുഭവത്തിന്‍റെയും, മരണത്തിന്‍റെയും, ഉത്ഥാനത്തിന്റെയും ഒക്കെ ഓര്‍മ്മയാചരണം എല്ലാ വര്‍ഷവും സമുചിതം കടന്നു പോകുന്നു... നമ്മുടെ ജീവിതങ്ങളില്‍ യേശു നാഥന്‍റെ ജനനവും, ജീവിതവും, കാല്‍വരിയാത്രയും, പീഡയും, മരണവും, ഉത്ഥാനവുമൊക്കെ എന്ത് സ്വാധീനമാണ് ചെലുത്തിയിട്ടുള്ളത്.? എത്രയോ വര്‍ഷക്കാലമായി നാം ഇതെല്ലാം മതിയായ വിധം ആഘോഷിച്ചു പോരുന്നു..? പക്ഷെ എനിക്ക്, എന്‍റെ വ്യക്തി ജീവിതത്തില്‍ ഈ ആഘോഷങ്ങളിലൂടെ, ആചരണങ്ങളിലൂടെ എന്ത് ലഭിച്ചവെന്ന് നാമോരോരുത്തരും ആഴമായി ചിന്തിക്കുമ്പോള്‍ മാത്രമേ പിതാവായ ദൈവത്തിന്‍റെ അപരിമേയസ്നേഹം നമ്മുക്ക് തിരിച്ചറിയാന്‍ കഴിയൂ.. ഒരിക്കലും കണ്ടിട്ടില്ലാത്ത ഒരു പിതാവിന്‍റെ സ്നേഹം..!
മനുഷ്യന്‍ തന്‍റെ കണ്ടു പിടുത്തങ്ങളില്‍ ആഹ്ലാദിക്കുമ്പോള്‍, അവന്‍റെ പരിമിതികള്‍ അവന്‍ മറന്നു പോകുന്നില്ലേ എന്നൊരു സംശയം..! ഭൂമിക്കപ്പുറത്തും മറ്റ് അനേക ജീവസാന്നിദ്ധ്യമുള്ള ഗോളങ്ങള്‍ ഉണ്ടെന്നൊക്കെ മനുഷ്യന്‍ നിഗമനങ്ങളും പഠനങ്ങളും നടത്തുന്നു. പക്ഷെ നാം ഇന്നുവരെയും കണ്ടുപിടിച്ചിട്ടുള്ള ദൂരദര്‍ശിനികളുടെ പരിധിക്കുള്ളില്‍ പോലും കോടാനുകോടി നക്ഷത്രങ്ങളും, മറ്റു ഗോളങ്ങളും ചേര്‍ന്ന വലിയ വലിയ ഗാലക്സികള്‍ കാണുന്നുവെങ്കില്‍ അതിനെയെല്ലാം പരസ്പരം അദൃശ്യമായ ആകര്‍ഷണ വലയത്തില്‍ പിടിച്ചു നിര്‍ത്തിക്കൊണ്ട്, അതിന്‍റെ പാതകളെ കൃത്യമായി ക്രമീകരിച്ചു നിയന്ത്രിച്ചുകൊണ്ടിരിക്കുന്ന ഒരു മഹാശക്തിയെ "പിതാവേ" എന്ന് വിളിച്ചു കൊള്ളാന്‍ നമ്മുക്ക് വേണ്ടി സ്വയം ബലിവസ്തുവായിത്തീര്‍ന്ന യേശു നാഥന്‍ നമ്മെ പഠിപ്പിച്ചിരിക്കുന്നു..? ഇതുവഴിയായി ക്രിസ്തു നമ്മുടെ വിശ്വാസത്തെ വലിയ വിശാലതയിലേക്കാണ് നയിച്ചിരിക്കുകയാണ്.
വെറും ഒരു ഭൌമീകനായ ഒരു അപ്പനെയല്ല പ്രത്യുത, വളരെ വ്യത്യസ്തനായ, ശക്തികളുടെ ഉറവിടമായ, സര്‍വ്വാധിശായിയായ പരമോന്നത ദൈവത്തെയാണ് നമ്മുക്ക് അവിടുന്ന് പരിചയപ്പെടുത്തി തന്നത്.. അങ്ങനെയൊരു ശക്തിയെ "അപ്പാ" എന്ന് സ്നേഹത്തോടെ വിളിച്ചു കൊള്ളാന്‍ യേശു നമ്മെ പഠിപ്പിച്ചു. എങ്കിലും അവിടുത്തെ അനന്തശക്തിയെ ഭാവന ചെയ്യാന്‍ ഇനിയും മനുഷ്യനാകുമോ..?
ഇസ്രയേല്‍ ജനത്തെ റോമാക്കാരുടെ അടിമത്തത്തില്‍ നിന്നും വിടുവിക്കുവാന്‍ ദൈവത്താല്‍ അയക്കപ്പെട്ട വലിയ രാജാവാണ് യേശുക്രിസ്തുവെന്നു സര്‍വ്വരാലും കരുതപ്പെട്ടപ്പോള്‍, വെറും അപമാന ചിഹ്നമായ കുരിശിന്‍റെ ഭോഷത്തത്തിലൂടെ മറ്റൊരു “രാജമുഖം” ലോകത്തിനു കാട്ടിക്കൊടുക്കുവാനാണ് ദൈവം തിരുമനസ്സായത്. ബുദ്ധിമാന്മാരില്‍ നിന്നും മറച്ചുവെക്കപ്പെട്ട രഹസ്യവും, ദൈവീക കാര്യനിര്‍വ്വഹണവും അതിന്‍റെ ഔന്നിത്യവും ഇവിടെ നാം കാണുന്നു..
വിശുദ്ധ യോഹന്നാന്‍റെ സുവിശേഷത്തിന്‍റെ പതിനേഴാം അദ്ധ്യായത്തില്‍ യേശു തന്‍റെ സ്വര്‍ഗ്ഗസ്ഥനായ പിതാവിനോട് പ്രാര്‍ഥിക്കുന്നത് ശ്രദ്ധിക്കുക..
"അവരെല്ലാവരും ഒന്നായിരിക്കാന്‍ വേണ്ടി പിതാവേ, അങ്ങ് എന്നിലും ഞാന്‍ അങ്ങയിലും ആയിരിക്കുന്നത് പോലെ അവരും നമ്മില്‍ ആയിരിക്കുന്നതിനും അങ്ങനെ അവിടുന്ന് എന്നെ അയച്ചുവെന്ന് ലോകം അറിയുന്നതിനും വേണ്ടി ഞാന്‍ പ്രാര്‍ഥിക്കുന്നു. നാം ഒന്നായിരിക്കുന്നത് പോലെ അവരും ഒന്നായിരിക്കുന്നതിന് അങ്ങ് എനിക്ക് തന്ന മഹത്വം അവര്‍ക്ക് ഞാന്‍ നല്‍കിയിരിക്കുന്നു. അവര്‍ പൂര്‍ണ്ണമായും ഒന്നാകേണ്ടതിന് ഞാന്‍ അവരിലും അവിടുന്ന് എന്നിലും ആയിരിക്കുന്നു. അങ്ങനെ, അങ്ങ് എന്നെ അയച്ചുവെന്നും അങ്ങ് എന്നെ സ്നേഹിച്ചതുപോലെ തന്നെ അവരെയും സ്നേഹിച്ചുവെന്നും ലോകം അറിയട്ടെ." (ജോണ്‍ 17 :21 -23 )
ഏതെങ്കിലും ഒരു ഭൌമിക അപ്പന്, തന്‍റെ മക്കളെ എത്രയധികം സ്നേഹിച്ചാലും, ആ മക്കളുടെ ഉള്ളില്‍ കടന്നു ചെന്ന് അവരില്‍ ലയിച്ചുചേര്‍ന്നുകൊണ്ട് അവരോടുള്ള സ്നേഹം പ്രകടിപ്പിക്കുവാന്‍ സാധിക്കുമോ..? സ്വപുത്രനിലൂടെ കുരിശിന്‍റെ ഭോഷത്തമെന്ന പുതിയ തത്വ ശാസ്ത്രം നമ്മെ പഠിപ്പിച്ച ദൈവം, ഇതാ മറ്റൊരു തത്വ ശാസ്ത്രം കൂടി നമ്മെ പഠിപ്പിക്കുന്നു.. ഉള്ളില്‍ ലയിക്കുന്ന സ്നേഹത്തിന്‍റെ ദൈവശാസ്ത്രം.. പെസഹാ തിരുന്നാളില്‍, കൈയ്യില്‍ അപ്പമെടുത്ത് ഉയര്‍ത്തിക്കൊണ്ട് "ഇതെന്‍റെ ശരീരമാകുന്നു, ഇത് വാങ്ങി ഭക്ഷിക്കുവിന്‍" എന്ന് പറഞ്ഞപ്പോഴുംപാനപാത്രം ഉയര്‍ത്തിക്കൊണ്ട് "ഇതെന്‍റെ രക്തമാകുന്നു, നിങ്ങള്‍ വാങ്ങി കുടിക്കുവിന്‍" എന്ന് പറഞ്ഞപ്പോഴും, കൂടെയിരുന്ന ശിഷ്യന്മാര്‍ക്ക് അവന്‍ പറഞ്ഞ “പുതിയ ഉടമ്പടി”യുടെ അര്‍ത്ഥവും രഹസ്യവും പിടികിട്ടിയില്ലെന്നതാണ് സത്യം!
ശിഷ്യരുടെ സാന്നിധ്യത്തില്‍ ഇത് പറയുമ്പോള്‍, പിറ്റേന്ന് തന്‍റെ ശരീരം കീറി മുറിക്കപ്പെടുമെന്നും, അവസാന തുള്ളി രക്തം വരെയും തന്‍റെ പ്രിയപ്പെട്ടവര്‍ക്കു വേണ്ടി ഒഴുക്കേണ്ടി വരുമെന്നും യേശുവല്ലാതെ അവിടെയുണ്ടായിരുന്ന ആരും അറിഞ്ഞിരുന്നില്ല.. അവന്‍റെ ഉത്ഥാനത്തിന് ശേഷമുള്ള കാത്തിരിപ്പില്‍ പരിശുദ്ധാത്മാവ് അവരുടെ മേല്‍ വരുന്നതുവരെയും,  അവന്‍റെ തന്നെ മുറിക്കപ്പെട്ട ശരീരവും, അവന്‍റെ തന്നെ ചിന്തപ്പെട്ട രക്തവുമാണല്ലോ തങ്ങള്‍ക്കു മരണത്തലേന്ന് വിളമ്പി നല്‍കിയതെന്ന് അവരാരും അറിഞ്ഞിരുന്നില്ല.. !
ഉള്ളില്‍ ലയിക്കുന്ന ദൈവത്തിന്‍റെ അപരിമേയമായ സ്നേഹത്തിന്‍റെ മറ്റൊരു ശാസ്ത്രം ഇവിടെ വിരചിക്കപ്പെടുകയായിരുന്നു.! അപ്പവും വീഞ്ഞും യേശുവിന്‍റെ ശരീരരക്തങ്ങളാക്കിത്തീര്‍ക്കുന്ന വിശുദ്ധ കുര്‍ബാനയുടെ ദൈവശാസ്ത്രം..!  അത്ഭുതകരമായ വിശുദ്ധ കുര്‍ബനയിലൂടെ ആഴത്തില്‍ ആത്മാവിലേക്കും, ശരീരത്തിന്‍റെ ഉള്ളറകളിലേക്കും, വിശിഷ്യ മനുഷ്യന്‍റെ സിരകളിലും കോശങ്ങളിലും ലയിച്ചു ചേരുന്ന ദൈവസ്നേഹത്തിന്‍റെ നൂതനശാസ്ത്രം..! ആ ശരീരരക്തങ്ങള്‍ വിശ്വസ്ഥതയോടെ ആസ്വദിക്കുന്ന തകര്‍ന്ന മാനസ്സങ്ങള്‍, വലിയ ശക്തി സ്വീകരിച്ച് ചിറകടിച്ചുയരുന്ന കാഴ്ച നാം കാണുന്നില്ലേ..?  അതാണ്‌ ഉത്ഥാനത്തിന്‍റെ അനുഭവം..! അത്തരം ദിവ്യാനുഭൂതിയിലേക്ക് നമ്മെ നയിക്കുവാന്‍ ഈ ഉള്ളില്‍ ലയിക്കുന്ന സ്നേഹത്തിനു മാത്രമേ കഴിയൂ... അതെ... നമ്മള്‍ അറിഞ്ഞോ അറിയാതെയോ നമ്മുടെ മനസ്സിലും, ശരീരത്തിലും, ആത്മാവിലും ഉറഞ്ഞുകൂടിയിരിക്കുന്ന എല്ലാ അശുദ്ധങ്ങളേയും, രോഗങ്ങളേയും തുടച്ചു നീക്കുവാനും ഈ സ്നേഹത്തിന് മാത്രമേ കഴിയൂ...!
അവന്‍റെ കീറി മുറിക്കപ്പെട്ട ശരീരം അടക്കം ചെയ്ത ഗുഹയുടെ കല്ലുകള്‍ മാറ്റപ്പെട്ടു, അവിടെ ഉത്ഥാനം സംഭവിച്ചു.. അനേകായിരം ക്രിസ്തുശിഷ്യന്മാരുടെ നിരാശയ്ക്ക് കാരണമായ ഗുഹ മൂന്നാം നാളില്‍ പ്രത്യാശയുടെ ഗുഹയായി മാറി,  വിശിഷ്യ ഉത്ഥാന സാക്ഷ്യമായി പരിണമിക്കപ്പെട്ടു.. അങ്ങനെ ഉള്ളില്‍ ലയിക്കുന്ന ദൈവത്തിന്‍റെ സ്നേഹ ശാസ്ത്രം ലോകത്തിന്‍റെ ബന്ധനങ്ങളെ കീഴടക്കി..! ഈ ദിവ്യരഹസ്യത്തിലൂടെ അവനില്‍ ലയിച്ചവരുടെ സമൂഹം ക്രിസ്തുവിന്‍റെ മൌദീക ശരീരമായി വിളങ്ങി നില്‍ക്കുവാനും, ഈ ഭൂമിയിലായിരിക്കുമ്പോള്‍ തന്നെ സ്വര്‍ഗ്ഗരാജ്യത്തിന്‍റെ മുന്നാസ്വാദനം അനുഭവിക്കുവാനുമായി ക്ഷണിക്കപ്പെട്ടിരിക്കുന്നു.
ഈ ദൈവീകനിയോഗമായി ലഭിച്ച "രക്ഷാകര" പദ്ധതിയുടെ കര്‍മ്മങ്ങളെല്ലാം ക്രിസ്തു തന്‍റെ “പ്രാണന്‍” നല്‍കിയാണ് പൂര്‍ത്തീകരിച്ചതെങ്കില്‍, നമ്മുടെ ആയുസ്സിലെ ഈ ഓര്‍മ്മ ആചരണ ദിനങ്ങളെല്ലാം, വെറും ആചരണം മാത്രമായി തരംതാണു പോകാതെ, പൂര്‍ണ്ണ തിരിച്ചറിവോടെ, നമ്മുടെ  പ്രാണന്‍ നല്‍കിക്കൊണ്ട് തന്നെയാവണം ഓരോന്നും അനുഷ്ടിക്കുവാന്‍.. എങ്കില്‍ മാത്രമേ, ഉത്ഥാനത്തിന്‍റെ ആനന്ദവും, ഉള്ളില്‍ ലയിക്കുന്ന സ്നേഹവും നമ്മുക്കും സ്വായത്തമാവുകയുള്ളൂ, പൂര്‍ണ്ണമായും ആസ്വാദ്യമാകുകയുള്ളൂ...

4 comments:

  1. Congrats dear, this is a truly divine message, inspired by the Holy Spirit, no doubt! Keep posting more..

    ReplyDelete
  2. Thank you dear.. God bless you..

    ReplyDelete
  3. അച്ചായാ ... എല്ലാം വായിച്ചു.. വളരെ നന്നായിരിക്കുന്നു.ഇനിയും ഇനിയും എഴുതുക. എല്ലാ ആശംസകളും പ്രാര്‍ഥനകളും.

    ReplyDelete
    Replies
    1. ഒത്തിരി നന്ദി റെഞ്ചി അച്ചാ.. അച്ചനെപ്പോലെയുള്ള ഒരാളുടെ പ്രോത്സാഹനവും പ്രാര്‍ത്ഥനയും വലിയ പ്രചോദനാത്മകമാണ്..

      Delete